ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ബുർഖ ധരിക്കണം; ഉത്തരവിറക്കി സിറിയ

പ്രതീകാത്മക ചിത്രം
ഡമാസ്കസ്: പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം മൂടുന്ന ബുർഖയോ മറ്റ് നീന്തൽ വസ്ത്രങ്ങളോ ധരിക്കണമെന്ന് ഉത്തരവിറക്കി സിറിയ. അതേസമയം സ്വകാര്യ ക്ലബ്ബുകളിലും ആഡംബര ഹോട്ടലുകളിലും പാശ്ചാത്യ ശൈലിയിലുള്ള ബീച്ച് വസ്ത്രങ്ങൾ അനുവദിക്കുന്നുണ്ട്.
സിറിയയിൽ ബഷർ അൽ- അസദിന്റെ ഭരണകാലത്ത് ഇത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ജൂൺ 9-ന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്നത്. വേനൽക്കാലത്തിന് മുന്നോടിയായി ബീച്ചുകൾക്കും നീന്തൽക്കുളങ്ങൾക്കുമുള്ള പൊതു സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ ഒപ്പമാണ് ഇക്കാര്യം അറിയിച്ചത്.
ബീച്ചിൽ പോകുന്നവരും പൊതുകുളങ്ങൾ സന്ദർശിക്കുന്നവരും " മാന്യതയെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെയും ബഹുമാനിക്കുന്ന ഉചിതമായ നീന്തൽ വസ്ത്രങ്ങൾ" ധരിക്കണമെന്നും "ശരീരം കൂടുതൽ മൂടുന്ന ബുർക്ക അല്ലെങ്കിൽ നീന്തൽ വസ്ത്രങ്ങൾ" ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നീന്തൽ ഇല്ലാത്ത സമയത്ത് പുരുഷന്മാർ ഷർട്ട് ധരിക്കണമെന്നും "ഹോട്ടൽ ലോബികളിലോ റെസ്റ്റോറന്റുകളിലോ പൊതുസ്ഥലങ്ങളിലോ" നഗ്നമായ നെഞ്ച് കാട്ടി നടക്കരുതെന്നും പറയുന്നു.
സുന്നി ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം സ്ത്രീകൾ മുഖംമൂടണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടിരുന്നു.









0 comments