പരിക്കേറ്റത് 700 ഓളം പേർക്ക്
ഇറാൻ തുറമുഖത്ത് ഉണ്ടായത് വൻ സ്‌ഫോടനം: 18 പേരുടെ മരണം സ്ഥിരീകരിച്ചു

തെഹ്‌റാൻ: ഇറാനിലെ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് നടന്ന വൻ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി.പൊട്ടിത്തെറിയിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 700 ഓളം പേർക്ക് പരിക്കേറ്റെന്നും ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട്‌ചെയ്‌തു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്.
പ്രതിവർഷം എട്ടുകോടി ടൺ ചരക്ക് കൈകാര്യംചെയ്യുന്ന പ്രധാന കണ്ടെയ്നർ ഷിപ്പ്‌മെന്റ് കേന്ദ്രമായ ഷഹീദ് രജായി ഇറാന്റെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്.ശനിയാഴ്‌ച രാവിലെയുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വാർഫുകൾക്ക് മുകളിലൂടെ കറുത്ത പുകപടലങ്ങൾ ഉയർന്നു. തകർന്ന ചുമരുകൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ചില്ലുകൾ ചിതറിത്തെറിച്ചു. സ്‌ഫോടന കാരണം വ്യക്തമല്ല. തുറമുഖത്തെ കണ്ടെയ്‌നറുകളിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രവിശ്യാ ദുരന്തനിവാരണ ഉദ്യോഗസ്ഥൻ മെഹർദാദ് ഹസൻസാദെ പറഞ്ഞു.
മൂന്നാം ഘട്ട ചർച്ചകൾക്കായി ഇറാനും അമേരിക്കയും ശനിയാഴ്‌ച ഒമാനിൽ കൂടിക്കാഴ്‌ച നടത്തവെയാണ് സ്‌ഫോടനം. അട്ടിമറി സാധ്യതകൾ സംബന്ധിച്ച് ഇറാൻ സൂചന നൽകിയിട്ടില്ല. തെക്കുകിഴക്കായി ഹോർമുസ് കടലിടുക്കിലാണ് രജായി തുറമുഖം. പേർഷ്യൻ ഉൾക്കടലിന്റെ ഇടുങ്ങിയ ഈ ഭാഗത്തുകൂടിയാണ് എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത്.









0 comments