ട്രംപിന് തിരിച്ചടി: വെനസ്വേലക്കാരെ നാടുകടത്തുന്നതിന് വീണ്ടും സുപ്രീംകോടതി വിലക്ക്

വാഷിങ്ടൺ : വെനസ്വേലൻ പൗരരെ നാടുകടത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ഇവരെ നാടുകടത്തുന്നത് യു എസ് സുപ്രീംകോടതി വീണ്ടും തടഞ്ഞു. 1978ലെ യുദ്ധകാല നിയമപ്രകാരമാണ് ട്രംപ് ഇപ്പോൾ ഇവരെ നാടുകടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനാണ് സുപ്രീംകോടതി തടയിട്ടത്. കഴിഞ്ഞ മാസം 19നും സമാനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.
വടക്കൻ ടെക്സാസിൽ തടവിലാക്കപ്പെട്ട വെനസ്വേലൻ പൗരൻമാരെ നാടുകടത്തുന്നതാണ് യുഎസ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞത്. ബ്ലൂബോണറ്റ് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന വെനസ്വേലക്കാരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടാണ് ട്രംപ് സർക്കാരിന് കോടതി നിർദേശം നൽകിയത്. 1798ലെ നിയമപ്രകാരമാണ് ഇമിഗ്രേഷൻ അതോറിറ്റികൾ വീണ്ടും നാടുകടത്തൽ പുനഃരാരംഭിച്ചതെന്നു കാണിച്ച് പൗരാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ് ഹർജി നൽകിയത്.
നിയമപരമായി ചോദ്യം ചെയ്യാൻ അവസരം നൽകിയാൽ മാത്രമേ നാടുകടത്തൽ തുടരാവൂ എന്ന് സുപ്രീം കോടതി മുമ്പും വിധിച്ചിരുന്നു. ജനുവരിയിൽ അധികാരത്തിൽ എത്തിയതിനുശേഷം അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെ ട്രംപ് ഭരണകൂടം പുറത്താക്കിയിരുന്നു. സുപ്രീം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി. നിയമവിരുദ്ധ കുടിയേറ്റക്കാരെ വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും ചെലവേറിയതുമായ നിയമനടപടികളിലൂടെ കടന്നുപോകാതെ പുറത്താക്കാൻ അനുവദിക്കില്ലെന്നാണ് ട്രംപ് കുറിച്ചത്. അതേസമയം, യുഎസ് ഇമിഗ്രേഷൻ നിയമത്തിലെ മറ്റ് വ്യവസ്ഥകൾ പ്രകാരം നാടുകടത്തൽ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
0 comments