ഡ്രാഗൺ ഫ്രീഡം റെഡി , ഇന്ന് യാത്രതിരിക്കും ; സുനിതയും സംഘവും നാളെയെത്തും

ഫ്‌ളോറിഡ : ഒമ്പതുമാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്‌ച ഭൂമിയിലേക്ക് യാത്രതിരിക്കും. നിലയത്തിലുള്ള ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് മടക്കം. പകൽ 11ന് നിലയത്തിൽനിന്ന് പേടകം അൺഡോക്ക് ചെയ്യും. തുടർന്ന് 17 മണിക്കൂർ നീളുന്ന യാത്ര. ബുധൻ പുലർച്ച മൂന്നിനാണ് പേടകത്തെ ഭൂമിയിലേക്ക് വഴി തിരിച്ചുവിടുന്ന നിർണായക ജ്വലനം.
ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് പുലർച്ചെ നാലോടെ ഫ്ലോറിഡ തീരത്തിനടുത്ത് അറ്റ്‌ലാന്റിക്കിൽ സുരക്ഷിതമായി ഇറക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥ, സമുദ്രത്തിന്റെ അവസ്ഥ എന്നിവയെല്ലാം കൂടി പരിഗണിച്ചാവും മടക്കയാത്രയ്‌ക്കുള്ള സമയക്രമവും ഇറങ്ങേണ്ട സ്ഥലവും നിശ്ചയിക്കുക. നാസയുടെയും സ്‌പേയ്‌സ് എക്‌സിന്റെയും ഉന്നതർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതിനിടെ നിലയത്തിലെ നവാഗതർക്ക് സുനിതയും ബുച്ചും ചുമതലകൾ കൈമാറി. നാസയുടെ നിക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഡ്രാഗൺ ഫ്രീഡം പേടകത്തിൽ മടങ്ങും. ഞായറാഴ്‌ച നിലയത്തിലെത്തിയ ആനി മക്‌ലിന്റെ നേതൃത്വത്തിലുള്ള ക്രൂ10 ദൗത്യസംഘം ആറുമാസം അവിടെ തുടരും.









0 comments