ഹൃദയം കീഴടക്കിയ ഗഗനചാരി
താരകങ്ങളെ സ്വാഗതം; ഭൂമിയെ ചുംബിച്ച് സുനിതയും സംഘവും

PHOTO: X
ഫ്‌ളോറിഡ : ലോകമേ കൈകൂപ്പുക. മനുഷ്യന്റെ വികാസചരിത്രത്തിലെ അസുലഭമായ മുഹൂർത്തത്തിന് ശാസ്‌ത്രത്തികവിന്റെ കൈയൊപ്പ്. ബഹിരാകാശത്തിൽനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് ഒഴുകിയിറങ്ങിയ ഫ്രീഡം പേടകം സുഗമമായി അറ്റ്‌ലാന്റിക്കിനെ ചുംബിച്ചപ്പോൾ ലോകം കാത്തിരുന്ന തിരിച്ചുവരവിന്റെ മധുരം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തി.
ഒമ്പതുമാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. നിലയത്തിൽനിന്ന് 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ത്യൻ സമയം ബുധൻ പുലർച്ചെ 3.27 നാണ് പേടകം കടൽതൊട്ടത്. പേടകം വീണ്ടെടുത്ത് സുനിതയെയും സംഘത്തെയും കരയിലെത്തിച്ചു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇവർ നിരീക്ഷണത്തിലായിരിക്കും.
അത്യന്തം വികാരനിർഭരമായ നിമിഷങ്ങൾക്കൊടുവിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇരുവരും ഭൂമിയിലേക്ക് യാത്രതിരിച്ചത്. ചൊവ്വ ഇന്ത്യൻ സമയം രാവിലെ 7.30ന് യാത്രക്കുള്ള ഒരുക്കം. ആദ്യം നിലയത്തിലുള്ളവരുമായുള്ള ഫോട്ടോ സെഷൻ. തുടർന്ന് എല്ലാവരെയും ആശ്ലേഷിച്ച് യാത്രാനുമതി തേടി. ഡ്രാഗൺ ഫ്രീഡം പേടകത്തിലേക്ക് സുനിതയും ബുച്ചും ആദ്യം. തുടർന്ന് നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനേവും. നാസയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് ക്രൂ കാബിനിൽ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. 10.32 ഓടെ നിലയത്തിൽനിന്ന് വേർപെട്ട് പേടകം യാത്ര തുടങ്ങി. പത്ത് മിനുട്ടിൽ പേടകത്തിന്റെ വേഗം കൂട്ടുന്നതിനും സുരക്ഷിതപാതയിലേക്ക് നീക്കുന്നതിനുമുള്ള പ്രധാന ജ്വലനപ്രക്രിയ. ത്രസ്റ്ററുകൾ ജ്വലിപ്പിച്ച ഇത് സാധ്യമാക്കി.
400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച പേടകത്തെ പടിപടിയായി ഭ്രമണപഥം താഴ്‌ത്തിയാണ് ഭൗമാന്തരീക്ഷത്തിലെത്തിച്ചത്. ബുധൻ പുലർച്ചെ 2.41 ന് 12 മിനുട്ട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ചതോടെ സുനിതയും സംഘവും സഞ്ചരിക്കുന്ന പേടകം ഭൗമാന്തരീക്ഷത്തിലേക്ക്. അതിവേഗമെത്തിയ പേടകം ഘർഷണം മൂലമുള്ള കൊടുംചൂടിൽ ചുവന്നുതുടുത്തു. ഇതുമൂലം അൽപനേരം നിലച്ച വാർത്താവിനിമയ ബന്ധം പിന്നീട് പുനഃസ്ഥാപിച്ചു. ആറു കിലോമീറ്റർ ഉയരത്തിൽ എത്തിയതോടെ രണ്ട് പാരച്യൂട്ടുകൾ വിരിയിച്ച് വേഗംകുറച്ചു. നാല് പ്രാധാന പാരച്യൂട്ട്‌കൂടി വിന്യസിച്ചതോടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററിലേക്ക്. തുടർന്നാണ് ഫ്‌ളോറിഡ തീരത്തിനടുത്ത് അറ്റ്‌ലാന്റിക്കിൽ പേടകം പതിച്ചത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി അതേ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയും ബുച്ചും അവിടെ കുടുങ്ങി പോവുകയായിരുന്നു. 2024 ജൂൺ അഞ്ചിനാണ് ഇരുവരും നിലയത്തിലെത്തിയത്. സാങ്കേതിക തകരാർമൂലം സ്റ്റാർലൈനർ പേടകത്തിൽ മടങ്ങാൻ കഴിയാതിരുന്നത് പ്രശ്‌നം സൃഷ്ടിച്ചു. നിലയത്തിലേക്കുള്ള ക്രൂ10 ദൗത്യസംഘവുമായി കഴിഞ്ഞദിവസം മറ്റൊരു പേടകം എത്തിയതോടെയാണ് ഇതിന് പരിഹാരമായത്. ക്രൂ9 ദൗത്യത്തിന്റെ ഭാഗമായി നിലവിൽ അവിടെയുണ്ടായിരുന്ന മറ്റൊരു പേടകമായ ഡ്രാഗൺ ഫ്രീഡത്തിലായിരുന്നു മടക്കം.
റിക്കവറി ഷിപ് പേടകത്തിനരുകിലേക്ക്
സ്പ്ലാഷ് ഡൗൺ വിജയകരം; പേടകം കടലിൽ പതിച്ചു
പേടകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് , ഡീഓർബിറ്റ് ബേൺ വിജയകരമായി



ചൊവ്വ രാവിലെ ഏഴര: വികാരനിർഭരം യാത്രയയപ്പ്
അനിശ്ചിതത്വത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. അത്യന്തം വികാരനിർഭരമായ നിമിഷങ്ങൾക്കൊടുവിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇരുവരും ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഒമ്പതുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് അന്താരാഷ്‌ട്ര നിലയത്തിൽനിന്ന് മടക്കം. ചൊവ്വാഴ്‌ച ഇന്ത്യൻ സമയം രാവിലെ 7.30ന് യാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങി. നിലയത്തിലുള്ളവർക്കൊപ്പം ഫോട്ടോ സെഷനുശേഷം എല്ലാവരെയും ആശ്ലേഷിച്ച് യാത്രാനുമതി തേടി.
10: 32: ഡ്രാഗൺ പേടകം വേർപെടുന്നു
ഡ്രാഗൺ ഫ്രീഡം പേടകത്തിലേക്ക് സുനിതയും ബുച്ചും ആദ്യം കയറി. ഇവരോടെപ്പം മടങ്ങുന്ന നാസയുടെ നിക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗേർബുനോവ് എന്നിവർ പിന്നാലെയും കയറി. നാസയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് ക്രൂ ക്യാബിനിൽ ക്രമീകരണങ്ങൾ സംഘം ഉറപ്പുവ രുത്തി. 10.32ന് നിലയത്തിൽനിന്ന് ഡ്രാഗൺ പേടകം വേർപെട്ട് യാത്ര തുടങ്ങി. 10 മിനിറ്റിനകം പേടകത്തിന്റെ വേഗം കൂട്ടുന്നതിനും സുരക്ഷിതപാതയിലേക്ക് നീക്കുന്നതിനുമുള്ള പ്രധാന ജ്വലന പ്രക്രിയ നടന്നു. ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.
വേഗം നിയന്ത്രിക്കാൻ 6 പാരച്യൂട്ട്
400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന പേടകത്തെ പടിപടിയായി ഭ്രമണപഥം താഴ്‌ത്തിയാണ് ഭൗമാന്തരീക്ഷത്തിലേക്ക് എത്തിക്കുന്നത്. ബുധൻ പുലർച്ചെ 2.41ന് നിർണായക ഭ്രമണപഥം താഴ്‌ത്തൽ. 12 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്നതോടെ സുനിതയും സംഘവും സഞ്ചരിക്കുന്ന പേടകം അന്തരീക്ഷത്തിലേക്ക് കടക്കും. ആറ് പാരച്യൂട്ട് വിന്യസിപ്പിച്ച് വേഗം വീണ്ടും നിയന്ത്രിച്ചാകും പിന്നീട് ഭൂമിയിലേക്കുള്ള യാത്ര. 3.27ന് ഫ്ലോറിഡയ്‌ക്കടുത്ത് അറ്റ്‌ലാന്റിക്കിൽ പേടകം പതിക്കും. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിൽ എത്തിക്കും. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ എത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കും. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇവർ നിരീക്ഷണത്തിലായിരിക്കും.
മടങ്ങിവരവിന് തുണയായത് ക്രൂ 10
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമത പരിശോധനയുടെ ഭാഗമായി അതേ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. സാങ്കേതികത്തകരാർമൂലം സ്റ്റാർലൈനർ പേടകത്തിൽ മടങ്ങാൻ കഴിയാതിരുന്നതാണ് പ്രശ്‌നം സൃഷ്ടിച്ചത്.
നിലയത്തിലേക്കുള്ള ക്രൂ 10 ദൗത്യസംഘവുമായി കഴിഞ്ഞ ദിവസം മറ്റൊരു പേടകം എത്തിയതോടെയാണ് ഇതിന് പരിഹാരമായത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഇരുവരും നിലയത്തിലെത്തിയത്. നിലയത്തിന്റെ അറ്റകുറ്റപ്പണിക്കായി രണ്ടു തവണ സ്‌പെയ്‌സ് വാക്ക് നടത്തി. നിലയത്തിൽ നിരവധി പരീക്ഷണങ്ങൾക്കും ഇവർ നേതൃത്വം നൽകി.









0 comments