എല്ലാം കിറുകൃത്യം ; ശാസ്ത്രവിജയം , ലോകം ആഹ്ലാദാരവത്തിൽ

ഫ്ലോറിഡ : എല്ലാം നിശ്‌ചയിച്ചുറപ്പിച്ച പോലെ. അണുവിടപോലും തെറ്റിയില്ല. ശാന്തമായ അറ്റ്‌ലാന്റിക്കിലേക്ക് കൃത്യസമയംപാലിച്ചുകൊണ്ട് ഡ്രാഗൺ ഫ്രീഡം പേടകം പറന്നിറങ്ങി. ശാസ്‌ത്രലോകം അഭിമാനാഹ്ലാദങ്ങളോടെ കൈയടിച്ചു. ലോകമെങ്ങും ആഹ്ലാദാരവങ്ങൾ. ഒമ്പതുമാസത്തിലേറെയായി ലോകം കാത്തിരുന്ന നിമിഷം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 267 ദിവസമായി മടങ്ങാനാവാതെ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വിൽമോറും 17 മണിക്കൂർ യാത്രപൂർത്തിയാക്കി ബുധൻ പുലർച്ചെ 3.27ന് ഭൂമിയെ തൊട്ടു.
കാത്തുനിന്ന രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവും ബോട്ടുകളിൽ പേടകത്തിനടുത്തേക്ക് നീങ്ങുമ്പോൾ ചുറ്റും ഡോൾഫിനുകളുടെ ആഹ്ലാദനൃത്തം. റിക്കവറി ഷിപ്പിലെത്തിച്ചശേഷം പേടക കവാടം തുറന്നു. ഒരോരുത്തരായി പുറത്തേക്ക്. നിറഞ്ഞ ചിരിയും കുശലാന്വേഷണവുമായി സുനിതയും ബുച്ചും സഹയാത്രികരും.
പ്രാഥമിക വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി ഹൂസ്റ്റണിലേക്ക് പറന്നു. അവിടെ ദിവസങ്ങളോളം പൂർണവിശ്രമം, കർശന നിരീക്ഷണം.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ചൊവ്വാഴ്‌ച രാവിലെ എട്ടോടെയാണ് സുനിതയും സംഘവും പേടകത്തിൽ കയറിയത്. 10.32ഓടെ ഡ്രാഗൺ പേടകം നിലയത്തിൽനിന്ന് വേർപെട്ട് ഭൂമിയിലേക്ക് യാത്രയാരംഭിച്ചു. സുരക്ഷിതപാതയിലേക്ക് നീക്കി പേടകത്തിന്റെ വേഗത കൂട്ടുന്നതിന് ത്രസ്റ്ററുകൾ ജ്വലിപ്പിച്ചു. പടിപടിയായി ഭ്രമണപഥം താഴ്‌ത്തുന്നതിന് ത്രസ്റ്റർ ജ്വലനം തുടർന്നു.
ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് ബുധൻ പുലർച്ചെ 2.41 ന് വീണ്ടും ത്രസ്റ്ററുകൾ പൂർണ തോതിൽ ജ്വലിപ്പിച്ചു. 12 മിനിട്ട് നീണ്ട പ്രക്രിയക്കൊടുവിൽ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കുതിച്ചെത്തി. ഘർഷണം മൂലമുള്ള കൊടുംചൂടിൽ അൽപനേരം പേടകവുമായുള്ള ബന്ധം കുറച്ചുനേരം നിലച്ചു. വേഗത കുറക്കാനായി ആദ്യം രണ്ട് പാരച്യൂട്ടുകൾ വിന്യസിപ്പിച്ചു. തുടർന്ന് നാല് പ്രധാന പാരച്യൂട്ടുകളും. വേഗത കുറഞ്ഞ പേടകം നേരത്തെ നിശ്ചയിച്ച സ്ഥലത്തുതന്നെ പതിച്ചു. നിലയത്തിലുണ്ടായിരുന്ന നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനേവ് (റഷ്യ) എന്നിവരും ഇവർക്കൊപ്പം മടങ്ങി എത്തി.
2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ചും നിലയത്തിലെത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി നിലയത്തിലേക്ക് പോയതായിരുന്നു ഇരുവരും. സാങ്കേതിക തകരാർമൂലം സ്റ്റാർലൈനർ പേടകത്തിൽ മടങ്ങാനായില്ല. ക്രൂ10 ദൗത്യസംഘവുമായി മറ്റൊരു പേടകം നിലയത്തിൽ എത്തിയതോടെയാണ് പരിഹാരമായത്.










0 comments