സുനിതാരകം ; ഇന്ത്യൻ വംശജ, സ്‌പേസ് വാക്കിൽ റെക്കോഡ്

സുനിത വില്യംസ്. വയസ്സ് 59. ഇന്ത്യയുമായുള്ള ബന്ധം അച്ഛനിലൂടെ. ഗുജറാത്ത് മെഹ്‌സാന ജില്ലയിലെ ഝുലാസാൻ സ്വദേശിയാണ്. അച്ഛൻ ദീപക് പാണ്ഡെ. അമ്മ സ്ലോവേനിയക്കാരി ഉറുസിലൻ ബൊണി. ഭർത്താവ്: ഫെഡറൽ മാർഷൽ ആയിരുന്ന മെെക്കേൽ വില്യംസ്.
അമേരിക്കൻ നാവികസേനയിൽ ഓഫീസറായാണ് തുടക്കം. 1998ൽ നാസയിൽ ചേർന്നു. ആദ്യ ബഹിരാകാശ യാത്ര 2006 ഡിസംബറിൽ ഡിസ്‌കവറി സ്‌പേസ് ഷട്ടിലിൽ. രണ്ടാമത്തെ യാത്ര 2012 ജൂലൈയിലും. ഇപ്പോൾ പൂർത്തിയാകുന്നത് മൂന്നാംയാത്ര. മൂന്ന് ബഹിരാകാശ ദൗത്യത്തിലായി ആകെ 62 മണിക്കൂർ ആറ് മിനിറ്റ് അവർ സ്‌പേസ് വാക്ക് നടത്തി. നാസയുടെ തന്നെ പെഗ്ഗി വിട്‌സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്. പെഗ്ഗി വിട്‌സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമായിരുന്നു. ഇത്തവണ അഞ്ച് മണിക്കൂറും 26 മിനിറ്റും ചെലവഴിച്ചതോടെയാണ് പുതിയ റെക്കോഡിന് ഉടമയായത്.
മൂന്നാം ദൗത്യത്തിൽ കമാൻഡർ
പത്തു ദിവസത്തെ ദൗത്യവുമായി എത്തിയ സുനിതക്ക് ബഹിരാകാശ നിലയത്തിന്റെ കമാൻഡർ ചുമതല ലഭിച്ചു. നൂറ്റമ്പതിലധികം പരീക്ഷണങ്ങൾക്ക് അവർ നേതൃത്വം നൽകി. ബഹിരാകാശത്ത് മനുഷ്യനിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, സൂക്ഷ്‌മാണുക്കളുടെ വളർച്ച, സാന്നിധ്യം, റോബോട്ടിക്‌സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപെടും. നിലയത്തിൽ ഏറ്റവും വലിയ അറ്റകുറ്റപ്പണികൾക്ക് സുനിത നേരിട്ട് നേതൃത്വം നൽകി. ഒളിമ്പിക്‌സ് വേളയിൽ നിലയത്തിൽ മിനി ഒളിമ്പിക്‌സ് സംഘടിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു.









0 comments