സ്കൂൾ ബസിനു നേരെ ബോംബാക്രമണം: ബലൂചിസ്ഥാനിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു

photo credit: X
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. സ്കൂൾ ബസിൽ കാർ ബോംബ് ഇടിച്ചുകയറുകയായിരുന്നു. 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ബസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. സ്കൂൾ ബസിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. കുട്ടികളടക്കം പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബലൂച് വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി അപലപിച്ചു. നേരത്തെ ക്വില അബ്ദുല്ലാഹിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ ബലൂചിസ്താനിൽ നാല് പേർ മരിച്ചിരുന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജബ്ബാർ മാർക്കറ്റിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഇത് മേഖലയെ ആശങ്കയിലാഴ്ത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.









0 comments