എഐ ഉപയോഗിച്ച് രാഷ്ട്രീയം ചികഞ്ഞ് നാടുകടത്തൽ: പുറത്തായത് പകുതിയും ഇന്ത്യൻ വിദ്യാർഥികൾ

Catck and revoke
avatar
എൻ എ ബക്കർ

Published on Apr 19, 2025, 05:37 PM | 2 min read

മേരിക്കയുടെ പുതിയ തദ്ദേശവൽക്കരണ ശുദ്ധീകരണ നയങ്ങളുടെ ഇരകളായ വിദ്യാർഥികളിൽ പകുതിയും ഇന്ത്യയിൽ നിന്നുള്ളവർ. നിർമ്മിത ബുദ്ധി ഉപയോഗിച്ച് രാഷ്ട്രീയം ചികഞ്ഞാണ് വിദ്യാർഥികളെ നാടുകടത്തുന്നതെന്നും റിപ്പോർടുകൾ വ്യക്തമാക്കുന്നു.


അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (എഐഎൽഎ) നടത്തിയ സർവേയിലാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം പുറത്തായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിദ്യാർത്ഥികൾക്ക് അയച്ച നാലായിരത്തിലധികം വിസ റദ്ദാക്കൽ നോട്ടീസുകൾ എഐഎൽഎ പഠന വിധേയമാക്കി. ഇവയിൽ 327 സാമ്പിളുകൾ എടുത്തപ്പോൾ അതിൽ പകുതിയും ഇന്ത്യ വിദ്യാർഥികളെ നാടുകടത്തുന്നതായിരുന്നു. "ഈ വിദ്യാർത്ഥികളിൽ 50% ഇന്ത്യയിൽ നിന്നുള്ളവരും തുടർന്ന് 14% ചൈനയിൽ നിന്നുള്ളവരുമാണ്" എന്ന് കണ്ടെത്തിയതായി രേഖ പറയുന്നു. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇത്തരത്തിൽ പുറത്താക്കപ്പെട്ടു.


നിർമ്മിത ബുദ്ധി (AI) സഹായത്തോടെ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഇടപെടലുകളും കാഴ്ചയും വായനയും വിശകലനം ചെയ്ത് അവരുടെ രാഷ്ട്രീയ നിലപാടുകൾ നിശ്ചയിച്ചാണ് പുറത്താക്കൽ നടത്തുന്നത്. വിദ്യാർഥി അനുകൂല നിലപാടുകൾ എടുത്ത ഹാർവാർഡ് സർവ്വകലാശാലയ്ക്ക് എതിരെ ഫണ്ട് നിരോധനം ഏർപ്പെടുത്തിയിരിക്കയാണ്. കൊളംമ്പിയ സർവ്വകലാശാലയും സമാനമായ ഭീഷണി നേരിട്ടു. പെൻസിൻവാനിയ, ജോൺ ഹോപ്കിൻസ് തുടങ്ങിയ പ്രശസ്ത കലാലയങ്ങൾ എല്ലാം ഇതേ ഭീഷണിയിലാണ്.


catch and Revoke


യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം 2023-24 അധ്യയന വർഷത്തിൽ യുഎസിൽ 3,31,600 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. യൂണിവേഴ്സിറ്റി കാമ്പസുകളിലെ രാഷ്ട്രീയം നിയന്ത്രിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ജനുവരിയിൽ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് ക്യാമ്പസുകളിലെ 'ക്യാച്ച് ആൻഡ് റിവോക്ക്' പരിപാടി തുടങ്ങിയത്. സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVIS) പദവി റദ്ദാക്കിയതിൽ അധികവും ഇന്ത്യക്കാരാണ്. പോസ്റ്റുകളുടെ അവലോകനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചാണ് നാടുകടത്തൽ തീരുമാനിക്കുന്നത്. എന്നാൽ ഇവയുടെ ഔദ്യോഗിക കണക്കുകൾ രാജ്യം തിരിച്ച് ലഭ്യമാക്കുന്നില്ല.


ഓരോ വിദ്യാർഥിയുടെയും സ്വകാര്യതയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കയറിയാണ് നാടുകടത്തൽ നിശ്ചയിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇത് വിശദമാക്കുകയുണ്ടായി. യുഎസ് വിദേശനയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ വീക്ഷണങ്ങൾ ഉള്ളതായി വിശ്വസിക്കപ്പെടുന്ന വിദ്യാർത്ഥികളെ തിരിച്ചറിയുന്ന ഒരു പുതിയ AI- സഹായത്തോടെയുള്ള “ക്യാച്ച് ആൻഡ് റിവോക്ക്” പ്രോഗ്രാം ആരംഭിച്ചതിന് ശേഷമാണ് SEVIS ടെർമിനേഷനുകളിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടായത് എന്നാണ് അവർ പറഞ്ഞത്.


എ ഐ വഴി ചികഞ്ഞ് പോലീസ് ഡാറ്റാബേസുകളിൽ പേരുകൾ ഉൾപ്പെടുത്തപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് രാജ്യവ്യാപകമായി നടപടി സ്വീകരിച്ചുവരികയാണ്, കൂടാതെ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിസ ലംഘനങ്ങൾ കാരണം അവരുടെ വിദ്യാർത്ഥി പദവി അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നാണ് മാർക്കോ റൂബിയോ വ്യക്തമാക്കിയത്.



എന്നാൽ തങ്ങൾ പഠിച്ച 327 വിസ റദ്ദാക്കൽ കേസുകളിൽ രണ്ടെണ്ണം മാത്രമാണ് വിദ്യാർത്ഥികൾ ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്നത് എന്ന് എഐഎൽഎ പറയുന്നു.


വിരുന്നും വിധേയത്വവും തുടരന്നു


യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മുതിർന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച ഇന്ത്യയിൽ എത്തുന്നുണ്ട്. ദക്ഷിണ, മധ്യേഷ്യയുടെ യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി റിക്കി ഗിൽ പോലുള്ള മറ്റ് ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. ആഗ്ര, ജയ്പൂർ, റെഡ്ഫോർട് സന്ദർശനങ്ങളും ഔദ്യോഗിക ചർച്ചകളും ഇതിന്റെ ഭാഗമായി നടക്കുമെന്നും റിപ്പോർട് ഉണ്ട്.

JD Vance modi

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എല്ലാ ഉഭയകക്ഷി വിഷയങ്ങളും ചർച്ചയിലാണെന്ന് നരേന്ദ്ര മോദി സർക്കാർ ആവർത്തിക്കുമ്പോഴും വിദ്യാർഥികൾ വിവേചനത്തിന് ഇരയാവുകയാണ്. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യക്കാരെ വിലങ്ങ് വെച്ച് പട്ടാളവിമാനങ്ങളിൽ കുറ്റവാളികളെ പോലെ നാടുകടത്തിയപ്പോൾ പാലിച്ച അതേ നിശ്ശബ്ദതയും വിധേയത്വ നയങ്ങളും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home