അനധികൃത മത്സ്യബന്ധനം: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തു

കൊളംബോ: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തു. അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായാണ് അറസ്‌റ്റെന്നും സംഭവത്തിൽ മൂന്ന് ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. 25, 26 തീയതികളിലാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്‌തത്.
അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ശ്രീലങ്കൻ കടലിൽ നാവികസേനയുടെ പതിവ് പട്രോളിംഗിൽ വടക്കുകിഴക്കൻ മാന്നാർ ജില്ലയുടെ തീരത്ത് നിന്നാണ് രണ്ട് അറസ്റ്റുകളും ഉണ്ടായതെന്ന് നാവികസേന അറിയിച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
മുമ്പ് അറസ്റ്റിലായ 41 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഈ ആഴ്ച ആദ്യം തിരിച്ചയച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു. ജനുവരി 12 നും എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം തർക്കവിഷയമാണ്.പാക്ക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചിച്ചതിന് നിരവധി ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന ജലാതിർത്തിയായ പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്. ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾഇവിടെ അതിക്രമിച്ച് കയറി അറസ്റ്റിലാകാറുണ്ട്. 2024ൽ ശ്രീലങ്കൻ കടലിൽ നിന്ന് 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.









0 comments