ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസ്; ട്രൈബ്യൂണൽ വിധി 17ന്

Sheikh Hasina
വെബ് ഡെസ്ക്

Published on Nov 13, 2025, 12:50 PM | 2 min read

ധാക്ക : ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസിൽ 17ന് വിധി പറയുമെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി). കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് കൊലപാതകം ഉൾപ്പെടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് ജഡ്ജിമാരുടെ ട്രൈബ്യൂണലാണ് വിധി പറയുക. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ അക്രമാസക്തമായി അടിച്ചമർത്തിയതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ഷെയ്ഖ് ഹസീനയ്ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് കേസെടുത്തത്. വിനാശകരമായ ആക്രമണം നടത്താൻ സുരക്ഷാ സേനയോടും അവാമി ലീ​ഗ് പ്രവർത്തകരോടും ഷെയ്ഖ് ഹസീന നേരിട്ട് ഉത്തരവിട്ടതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.


നിരോധിക്കപ്പെട്ട അവാമി ലീഗ് ധാക്കയിൽ ലോക്ക്ഡൗൺ ആഹ്വാനം നൽകി സാധാരണ ജന ജീവിതത്തെ തടസപ്പെടുത്തിയ സാഹചര്യത്തിലാണ് ഐസിടിയുടെ വിധി. രാജ്യവ്യാപകമായി വിമാനത്താവളങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും സൈന്യവും പൊലീസും ഉൾപ്പെടെയുള്ള സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരായ വിധി വരുന്നതിനു മുന്നോടിയായി കഴിഞ്ഞ രണ്ട് ദിവസമായി, ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് തീയിടലും ക്രൂഡ് ബോംബ് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവാമി ലീഗ് അനുഭാവികൾ രാജ്യമെമ്പാടും മിന്നൽ റാലികൾ നടത്തിയിട്ടുണ്ട്. അതേസമയം, പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് രാജ്യവ്യാപകമായി നടപടികൾ ആരംഭിച്ചു. സുരക്ഷാ സേന പ്രധാന റോഡുകളിൽ ചെക്ക്‌പോസ്റ്റുകളും വാഹന പരിശോധനകളും ആരംഭിച്ചു.


വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബം​ഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട്‌ പ്രക്ഷോഭത്തിൽ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി.


എന്നാൽ ഭരണകക്ഷിയായ അവാമി ലീ​ഗും യുവജനവിഭാ​ഗമായ ഛാത്ര ലീ​ഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. പ്രക്ഷോഭത്തെ തുടർന്ന്‌ ഷെയ്‌ഖ്‌ ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടർന്ന്‌ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് കലാപത്തിൽ ഏകദേശം 1,400 പേരാണ് മരിച്ചത്.


1971-ൽ പാകിസ്ഥാനെതിരായ യുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി ഷെയ്ഖ് ഹസീനയുടെ ഭരണകൂടമാണ് ആദ്യം അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ സ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home