ആശുപത്രിയിൽ ഇസ്രയേല്‍ ആക്രമണം ; മാധ്യമപ്രവര്‍ത്തകരെയും കൊന്നുതള്ളി

south gaza hospital attacked
വെബ് ഡെസ്ക്

Published on Aug 26, 2025, 03:48 AM | 1 min read


ഗാസ സിറ്റി

തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച്‌ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. അൽ ജസീറ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ, റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ്‌ ഹുസാം അൽ-മസ്‌രി, ദി ഇൻഡിപെൻഡന്റ് അറബിക്, അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെ നിരവധി മാധ്യമങ്ങൾക്കായി ജോലി ചെയ്തിരുന്ന മറിയം അബു ദഖ, എൻ‌ബി‌സി നെറ്റ്‌വർക്കിലെ മോവാസ് അബു താഹ എന്നിവർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.


ആശുപത്രിസമുച്ചയത്തിന്റെ നാലാംനിലയിൽ രണ്ടുതവണയായി നടത്തിയ മിസൈൽ ആക്രമണത്തിലൂടെയാണ്‌ ആസൂത്രിത കൂട്ടക്കൊല നടപ്പാക്കിയത്‌.- ആദ്യ മിസൈൽ ഇടിച്ചുകയറിയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയശേഷമാണ്‌ രണ്ടാമത്തെ ആക്രമണമുണ്ടായത്‌. റോയിട്ടേഴ്‌സിനായി പ്രവർത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റ് ഹതീം ഖാലിദും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഖാൻ യൂനിസ് ഗവർണറേറ്റിലെ നാസർ ആശുപത്രിയിൽ മാധ്യമപ്രവർത്തകരുടെ സംഘത്തെ ലക്ഷ്യമിട്ട്‌ ഇസ്രയേൽ അധിനിവേശസേന ആക്രമണം നടത്തുകയായിരുന്നുവെന്നും, ഇസ്രയേലും അമേരിക്കയും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ ക്രൂരമായ കുറ്റകൃത്യത്തിന് പൂർണ്ണ ഉത്തരവാദികളാണെന്നും ഗാസയിലെ മാധ്യമഓഫീസ്‌ പ്രതികരിച്ചു. പ്രദേശത്ത് ആക്രമണം നടത്തിയതായും മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രയേൽ സൈന്യം പ്രസ്താവനയിറക്കി.


അൽ ജസീറയിലെ പ്രശസ്തനായ മാധ്യമപ്രവർത്തകൻ അനസ് അൽ -ഷെരീഫും അഞ്ച്‌ സഹപ്രവർത്തകരും ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിക്ക് മുന്നിൽ കൊല്ലപ്പെട്ടത്‌ രണ്ടാഴ്ചമുമ്പാണ്‌. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 274 ആയെന്ന് അൽ ജസീറ റിപ്പോർട്ട്‌ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home