സൈറണുകൾ മുഴങ്ങി; വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനമെന്നും റിപ്പോർട്ട്

walton airport
വെബ് ഡെസ്ക്

Published on May 08, 2025, 11:06 AM | 2 min read

ലാഹോർ: ലാഹോറിന് സമീപമുള്ള വാൾട്ടൺ വിമാനത്താവളത്തിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെ വോൾട്ടൻ എയർപോർട്ട് എയർഫീൽഡിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. മൂന്ന് തുടർ സ്ഫോടനങ്ങളുണ്ടായി എന്നാണ് പാകിസ്ഥാൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പാകിസ്ഥാന്റെ സൈനിക വിമാനത്താവളമാണ് വാൾട്ടൺ.


സ്ഫോടനം നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജനവാസ മേഖലയായ വാൾട്ടണിലെ ഗോപാൽ ന​ഗർ, നസീറാബാദ് പ്രദേശങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായും വലിയ നാശ നഷ്ടം സംഭവിച്ചതായുമാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമങ്ങളും സേഫോടനം നടന്നതായി വാർത്തകൾ പുറത്തുവിട്ടു. ഡ്രോൺ ആക്രമണമാണ് നടന്നതെന്നും ഡ്രോൺ വെടിവച്ചിട്ടതായും പാക് പൊലീസ് അവകാശപ്പെടുന്നുണ്ട്. ലാഹോറിലേയും ഇസ്ലാമബാദിലെയും എല്ലാ വ്യോമാതിർത്തികളും അടച്ചു.


അതേസമയം, ഇന്ത്യ- പാക് അതിര്‍ത്തിയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാൻ സൈന്യം അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് ആക്രമണം നടത്തിയത്.


കർണാ മേഖലയിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം അർദ്ധരാത്രിക്ക് ശേഷം ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പിനെതിരെ ഇന്ത്യൻ സായുധ സേന ശക്തമായി തിരിച്ചടിച്ചു. ഇതുവരെ മേഖലയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് കർണയിലെ ഭൂരിഭാഗം സാധാരണക്കാരും സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി.


പഹൽഗാമിലെ ബൈസരനിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമത്തിന്‌ ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ 15-ാം ദിവസം മറുപടി നൽകിയിരുന്നു. പാക്‌ അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത്‌ ഭീകരകേന്ദ്രങ്ങൾ ബുധനാഴ്‌ച പുലർച്ചെ മിന്നൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തു. കൊടുംഭീകരൻ മസൂദ്‌ അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. തിരിച്ചടിക്ക് പിന്നാലെ കശ്‌മീരിലെ നിയന്ത്രണരേഖയിലും അതിർത്തിയിലുമായി പാക്‌ സൈന്യം നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ജവാൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 5 ഫീൽഡ്‌ റെജിമെന്റിലെ ലാൻസ്‌ നായിക്‌ ദിനേശ്കുമാറാണ്‌ പൂഞ്ച്‌ മേഖലയിൽ വീരമൃത്യു വരിച്ചത്‌. നാൽപ്പതിലേറെ പേർക്ക്‌ പരിക്കുണ്ട്‌. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home