ശുഭാംശുവിന്റെ യാത്ര വൈകും; തിയതി വീണ്ടും മാറ്റി

ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും മാറ്റി. ജൂൺ 22ന് നിശ്ചയിച്ചിരുന്ന ആക്‌സിയം 4 ദൗത്യമാണ് മാറ്റിയത്. പുതുക്കിയ തിയതി അറിയിച്ചിട്ടില്ല. ഇത് ആറാം തവണയാണ് ശുഭാംശുവിന്റെ യാത്ര മാറ്റിയത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചില സാങ്കേതിക പ്രശ്‌നങ്ങളാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്നാണ് വിവരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സർവീസ് മൊഡ്യൂളിൽ മിക്ക സെഗ്‌മെന്റുകളിലും അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിവരം. ജൂൺ 30നകം യാത്ര നടന്നില്ലെങ്കിൽ പിന്നീട് ജൂലൈ പകുതിയോടെയെ യാത്ര നടക്കുകയുള്ളു. ദൗത്യം വൈകുന്നതിനാൽ നിലയത്തിൽ സംഘം നടത്താനിരിക്കുന്ന പരീക്ഷണങ്ങളിൽ ചിലത് റദ്ദാക്കേണ്ടിവരും.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം. മുമ്പ് ജൂൺ 9നും 11നും യാത്രയ്ക്ക് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ചയും കാരണം ദൗത്യം നീളുകയായിരുന്നു. മെയ് 29നാണ് ആദ്യം ദൗത്യം തീരുമാനിച്ചിരുന്നത്.
ആക്സിയം- 4 മിഷന്റെ ഭാഗമായി ശുക്ലയ്‌ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ.
ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. ഒമ്പതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിച്ച് 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങും. മെക്രോ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളാണിവ. രാകേഷ് ശർമയ്‌ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും.









0 comments