ചരിത്രദൗത്യം ശുഭം; പേടകത്തിൽനിന്ന് രണ്ടാമത് പുറത്തിറങ്ങിയത് ശുഭാംശു

ശുഭാംശു ശുക്ല പേടകത്തിൽനിന്നിറങ്ങുന്നു
ഫ്ലോറിഡ: ദൗത്യം വിജയകരമായി പൂർത്തിയാക്കി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിൽ തിരികെയെത്തി. ചൊവ്വ പകൽ മൂന്നോടെ കലിഫോർണിയക്കടുത്ത് പസിഫിക്കിലാണ് ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുള്ള പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്തത്.
നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ളൈറ്റ് ഡയറക്‌ടറുമായ ദൗത്യ കമാൻഡർ പെഗ്ഗി വിറ്റ്സനാണ് ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി ശുഭാംശുവും പുറത്തിറങ്ങി. പിന്നാലെ പോളണ്ടിൽ നിന്നുള്ള സാവോസ് യു വിസ്‌നിവ്‌സ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരും പുറത്തേക്ക് വന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടമാണ് ശുഭാംശു ശുക്ല കൈവരിച്ചത്. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. ലഖ്‌നൗ സ്വദേശിയായ ശുഭാംശു ഇന്ത്യയുടെ ഗഗൻയാൻ ദൗത്യസംഘാംഗമാണ്.
ജൂൺ 26ന് നിലയത്തിലെത്തിയ ശുക്ലയടക്കമുള്ള നാലംഗ സംഘം തിങ്കളാഴ്‌ചയാണ് യാത്ര തിരിച്ചത്. 18 ദിവസത്തെ വാസം പൂർത്തിയാക്കിയാണ് ദൗത്യസംഘം മടങ്ങിയെത്തിത്. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു.പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചാണ് കടലിലിറക്കിയത്. തുടർന്ന് സ്‌പേസ് എക്‌സിന്റെ റിക്കവറി ടീം പേടകം വീണ്ടെടുത്ത് കപ്പലിലെത്തിച്ചു. അരമണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് സംഘത്തെ പുറത്തെടുത്തത്. പുറത്തിറങ്ങിയവരെല്ലം ലോകത്തെ അഭിവാദ്യം ചെയ്തു.
നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ സെന്ററിൽ സംഘത്തെ ഒരാഴ്‌ച പാർപ്പിക്കും. ഭൂഗുരുത്വബലമടക്കമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണിത്. ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും അമേരിക്കയിലുണ്ട്. ശുക്ല ആഗസ്‌ത് ആദ്യം ഇന്ത്യയിലെത്തും.









0 comments