ശുഭാംശു ആഗസ്‌ത് ആദ്യവാരം ഇന്ത്യയിൽ മടങ്ങിയെത്തും
ഭൂമിതൊട്ട് താരകം ; ആക്‌സിയം 4 ദൗത്യം വിജയം

ഫ്ലോറിഡ
നിശ്ചയിച്ചതുപോലെ എല്ലാം നടന്നു. ചൊവ്വ ഇന്ത്യൻ സമയം പകൽ 3.01. 22 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ശുഭാംശു ശുക്ലയും സംഘവുമായി ഡ്രാഗൺ പേടകം കലിഫോർണിയയിലെ സാന്റിയാഗോയ്‌ക്ക് സമീപം പസിഫിക് സമുദ്രത്തിൽ ഇറങ്ങി. കാത്തുനിന്ന റിക്കവറി ടീം ബോട്ടിലെത്തി പേടകത്തെ കപ്പലിലെത്തിച്ചു. മൂന്നരയോടെ കവാടം തുറന്നു. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ നിറപുഞ്ചിരിയോടെ ആദ്യം പുറത്തേക്ക്. തൊട്ടുപിന്നാലെ ലോകത്തെ കൈയുയർത്തി അഭിവാദ്യം ചെയ്‌ത് ശുഭാംശുവും.
സംഘാംഗങ്ങളായ സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവർ പിന്നാലെ പുറത്തിറങ്ങി. നാലുപേരെയും ഹെലികോപ്‌റ്റർ മാർഗം നാസയിലെ പോസ്റ്റ് ഫ്ലൈറ്റ് റിഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ചു. സംഘാംഗങ്ങൾ ഒരാഴ്‌ച ആരോഗ്യ വിദഗ്‌ധരുടെ നിരീക്ഷണത്തിലാകും. മൈക്രോഗ്രാവിറ്റിയിൽ രണ്ടാഴ്‌ച കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ പ്രത്യേക സംഘവും നാസയിൽ എത്തി.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന് തിങ്കൾ വൈകിട്ടാണ് ആക്‌സിയം നാല് ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചത്. ചൊവ്വ പകൽ 2.48ന് 120 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തിച്ച് റീ ഓർബിറ്റ് ജ്വലനം നടത്തി. ഇതോടെ ഡ്രാഗൺ പേടകം മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു.
ഘർഷണംമൂലം പേടകത്തിന്റെ ഉപരിതലത്തിലെ ചൂട് രണ്ടായിരം ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ആറ് മിനിട്ടോളം ആശയ വിനിമയ സംവിധാനം നിലച്ചു. പാരച്യൂട്ടുകൾ നിവർന്നതോടെ വേഗം മണിക്കൂറിൽ 22 കിലോമീറ്ററിലേക്ക്. തുടർന്ന് സുരക്ഷിതമായ സ്‌പ്ലാഷ് ഡൗൺ. കാലാവസ്ഥ അനുകൂലമായത് പേടകം വീണ്ടെടുക്കുന്നത് സുഗമമാക്കി.
ജൂൺ 26 നാണ് സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 32 രാജ്യങ്ങളുടെ 60 പരീക്ഷണങ്ങൾക്ക് ഇവർ നേതൃത്വം നൽകി. ഐഎസ്‌ആർഒയുടെ ഏഴ് പരീക്ഷണവും ഇതിലുണ്ട്. നിലയത്തിൽ 320 തവണ ഭൂമിയെ വലംവച്ച ഇവർ ബഹിരാകാശത്ത് 1.35 കോടിയിലധികം കിലോമീറ്റർ സഞ്ചരിച്ചു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ഗഗനചാരിയാണ് ഇന്ത്യൻ വ്യോമസേനാ പൈലറ്റായ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ, ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ഇന്ത്യക്കാരൻ എന്നീ പദവികൾ ഇതോടെ ശുഭാംശുവിന് സ്വന്തം. ആഗസ്‌ത് ആദ്യവാരം അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തും.
ഭാവി ദൗത്യങ്ങൾക്ക് കരുത്താകും: ഐഎസ്‌ആർഒ ചെയർമാൻ
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര സമ്പൂർണ വിജയമാണെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ. ഗഗൻയാൻ അടക്കം ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ യാത്ര ശക്തി പകരുമെന്നും --അദ്ദേഹം പറഞ്ഞു.









0 comments