ശുഭാംശുവും സംഘവും 
പൂർണ ആരോഗ്യത്തിൽ

Shubhanshu Shukla
വെബ് ഡെസ്ക്

Published on Jul 17, 2025, 01:31 AM | 1 min read


ഫ്ലോറിഡ

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽനിന്ന്‌ മടങ്ങിയെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയ്‌ക്കും സംഘത്തിനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. നാസയുടെ പോസ്‌റ്റ്‌ റിഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ച ഇവരുടെ ആദ്യ ആരോഗ്യ പരിശോധനകൾ പൂർത്തിയായി. ഒരാഴ്‌ചയോളം ഇവരെ നിരീക്ഷിക്കും.


സംഘാംഗമായ സാവോസ് യു വിസ്‌നിവ്‌സ്‌കി ബുധനാഴ്‌ച യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ ആസ്ഥാനമായ കൊളോണിലേക്ക്‌ പ്രത്യേക വിമാനത്തിൽ മടങ്ങി. ഭാര്യ അലക്‌സാൺഡ്രയും പ്രത്യേക മെഡിക്കൽ ടീമും ഒപ്പം ഉണ്ടായിരുന്നു. അടുത്ത ആഴ്‌ച അദ്ദേഹം സ്വന്തം രാജ്യമായ പോളണ്ടിലേക്ക്‌ പോകും.


ശുഭാംശുവിനും പെഗ്ഗി വിറ്റ്‌സണും ടിബോർ കാപു (ഹംഗറി)വിനും പ്രത്യേക വ്യായാമ മുറകൾ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്‌. ശുഭാംശുവുമായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ സംസാരിച്ചു. ബഹിരാകാശ യാത്രയുടെയും അനുബന്ധ പ്രവർത്തനങ്ങളുടേയും വിശദമായ റിപ്പോർട്ട്‌ ശുഭാംശു ഐഎസ്‌ആർഒക്ക്‌ സമർപ്പിക്കുന്നുണ്ട്‌. അടുത്തമാസം അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങും. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം ചൊവ്വ ഉച്ചകഴിഞ്ഞ്‌ 3.01 നാണ്‌ സംഘം ഭൂമിയിൽ മടങ്ങി എത്തിയത്‌. 32 രാജ്യങ്ങളുടെ അറുപത്‌ പരീക്ഷണങ്ങൾ ഇവർ നിലയത്തിൽ നടത്തി. ഇവയുടെ ഫലങ്ങൾ ഉടൻ കൈമാറും. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള തുടർ പരിശീലനങ്ങളിലേക്ക്‌ ശുക്ല സെപ്‌തംബറിൽ കടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home