ചരിത്രം: ശുഭാംശുവും സംഘവും ഭൂമി തൊട്ടു

ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും മടങ്ങിയെത്തി. 22 മണിക്കൂർ യാത്രക്കൊടുവിൽ ചൊവ്വ പകൽ മൂന്നോടെ പേടകം കലിഫോർണിയക്കടുത്ത് പസിഫിക്കിൽ സ്‌പ്ലാഷ് ഡൗൺ ചെയ്തു.സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
ജൂൺ 26ന് നിലയത്തിലെത്തിയ ശുക്ലയടക്കമുള്ള നാലംഗ സംഘം തിങ്കളാഴ്‌ചയാണ് യാത്ര തിരിച്ചത്. പകൽ 2.10ന് നിലയത്തിലെ ഹാർമണി മൊഡ്യൂൾ വഴി ഡ്രാഗൺ പേടകത്തിൽ പ്രവേശിച്ചു. മൂന്നോടെ പേടകകവാടം അടച്ച് അൺഡോക്കിങ് തുടങ്ങി. 10 മിനിട്ട് വൈകി 4.45ഓടെ പേടകം നിലയത്തിൽനിന്ന് വേർപെട്ട് നീങ്ങി. തുടർന്ന് പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് വേഗം കൂട്ടി.
നാല് ഘട്ടങ്ങളായാണ് ഡ്രാഗൺ പേടകത്തെ ഭൂമിയിൽ എത്തിച്ചത്.. ചൊവ്വ പുലർച്ചെ നടന്ന ഡീ ഓർബിറ്റ് ജ്വലനത്തോടെ പേടകം ഭൂമിയിലേക്ക് വഴിതിരിഞ്ഞു. ഭൂമിയിൽ നിന്ന് 350 കിലോമീറ്റർ ഉയരത്തിൽവച്ച് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുവിടാനുള്ള ജ്വലനം നടന്നു. ഇതിനിടെ സൗരോർജ പാനൽ ഉൾപ്പെടുന്ന ഭാഗം വേർപെടുത്തി
ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന് പത്തുമിനിട്ടോളം പേടകവുമായുള്ള ആശയവിനിമയം നിലയ്‌ച്ചു. പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം നിയന്ത്രിച്ച് കടലിലിറക്കി. കാലാവസ്ഥയും പരിഗണിയ്ക്കുന്നുണ്ടായിരുന്നു. സ്‌പേസ് എക്‌സിന്റെ റിക്കവറി ടീം പേടകം വീണ്ടെടുത്ത് കപ്പലിലെത്തിച്ചു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ സെന്ററിൽ സംഘത്തെ ഒരാഴ്‌ച പാർപ്പിക്കും. ഭൂഗുരുത്വബലമടക്കമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണിത്.
ശുക്ല ആഗസ്‌ത് ആദ്യം ഇന്ത്യയിലെത്തും. കമാൻഡർ പെഗ്ഗി വിറ്റ്സൺ, ടിബോർ കാപു (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്) എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റുള്ളവർ. ഐഎസ്‌ആർഒയുടെ ഏഴെണ്ണമുൾപ്പെടെ 60ഓളം പരീക്ഷണങ്ങൾ നടത്തി.









0 comments