ബംഗ്ലാദേശിൽ പ്രക്ഷോഭകരെ വെടിവച്ച്‌ കൊല്ലാൻ ഷെയ്‌ഖ്‌ ഹസീന ഉത്തരവിട്ടെന്ന് റിപ്പോർട്ട്‌

Sheikh Hasina
വെബ് ഡെസ്ക്

Published on Jul 09, 2025, 08:30 PM | 2 min read

ധാക്ക: ബം​ഗ്ലാദേശിൽ കഴിഞ്ഞ വർഷം നടന്ന ബഹുജന പ്രക്ഷോഭം മാരകമായി അടിച്ചമർത്താൻ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേരിട്ട് ഉത്തരവിട്ടതായി ബിബിസി റിപ്പോർട്ട്. പ്രകടനക്കാർക്കെതിരെ മാരകായുധങ്ങൾ ഉപയോഗിക്കാനും വെടിയുതിർക്കാനും സുരക്ഷാ സേനയെ ഹസീന അധികാരപ്പെടുത്തിയ ഫോൺ സന്ദേശം സ്ഥിരീകരിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.


മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കായി പ്രത്യേക ട്രൈബ്യൂണലിൽ ഷെയ്ഖ് ഹസീന ഇപ്പോൾ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഹസീനയ്‌ക്കെതിരായ നിർണായക തെളിവായി ഈ റെക്കോർഡിംഗ് ഉപയോഗിക്കാൻ ബംഗ്ലാദേശിലെ പ്രോസിക്യൂട്ടർമാർ പദ്ധതിയിടുന്നതായും വാർത്താ ഏജൻസി പറയുന്നു.


2024ൽ നടന്ന കലാപത്തിൽ 1,400 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ അന്വേഷകരുടെ കണ്ടെത്തൽ. ബം​ഗ്ലാദേശിൽ സ്ഥിതി​ഗതികൾ വഷളായതോടെ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. അവാമി ലീ​ഗും ഹസീനയും അവർക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിച്ചിരുന്നു.


ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനുമായി ഹസീന നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് ചോർന്നത്. മാർച്ചിൽ പുറത്തുവന്ന ഓഡിയോയുടെ സാധുധ പരിശോധിച്ചതായും സ്ഥിരീകരിച്ചതായും ബിബിസി അവകാശപ്പെട്ടു.


വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്‌ 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബം​ഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട്‌ പ്രക്ഷോഭത്തിൽ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീ​ഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു.


വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ​ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി.


എന്നാൽ ഭരണകക്ഷിയായ അവാമി ലീ​ഗും യുവജനവിഭാ​ഗമായ ഛാത്ര ലീ​ഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ്‌ ഹസീന നേരിട്ടത്‌. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ഷെയ്‌ഖ്‌ ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടർന്ന്‌ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.


പ്രതിഷേധത്തെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചുമത്തി.





deshabhimani section

Related News

View More
0 comments
Sort by

Home