വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു, സമ്മതിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യൻ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സമ്മതിച്ചത്.
നൂര്‍ ഖാർ താവളവും ആക്രമിക്കപ്പെട്ട കാര്യം സൈനിക മേധാവി അസിം മുനിര്‍ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
''ജനറല്‍ മുനീർ പുലര്‍ച്ചെ 2.30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമങ്ങളേക്കുറിച്ച് അറിയിച്ചു. നൂര്‍ഖാന്‍ ഉള്‍പ്പെടെ നമ്മുടെ എയര്‍ ബേസുകള്‍ ആക്രമിക്കപ്പെട്ടു. അത് അതീവ ആശങ്കാജനകമായ നിമിഷമായിരുന്നു'' - പാക് പ്രധാനമന്ത്രി പറഞ്ഞു.
ഒരു മേശയ്ക്ക് ചുറ്റുമിരിക്കണം
ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് തുറന്നു പറഞ്ഞിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യർഥിച്ചത്.
മൂന്നു യുദ്ധങ്ങൾ നടത്തിയിട്ടും ഇരു രാജ്യങ്ങൾക്കും ഒന്നും നേടാനായില്ലെന്നും ഷഹബാസ് ഓർമ്മപ്പെടുത്തി. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവ ചർച്ചയിലൂടെ പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാതെ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തുകയും സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ തൊടുക്കുകയും ചെയ്തു. ഈ ആക്രമണ ശ്രമങ്ങള്‍ക്ക് നല്‍കിയ തിരിച്ചടിയിലാണ് ഇന്ത്യ 11 പാക് വ്യോമതാവളങ്ങൾ ലക്ഷ്യം വെച്ചത്.
0 comments