കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു: മെറ്റ എഐ ചാറ്റ്ബോട്ടിനെതിരെ പരാതി

കലിഫോർണിയ : കുട്ടികളോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്ന് മെറ്റ എഐ ചാറ്റ്ബോട്ടിനെതിരെ ഗുരുതര ആരോപണം. സെലിബ്രിറ്റികളുടെ ശബ്ദത്തിൽ കുട്ടികളടക്കമുള്ള ഉപയോക്താക്കളോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ടെക്സ്റ്റ്, സെൽഫികൾ, വോയ്‌സ് സംഭാഷണങ്ങൾ എന്നിവയിലൂടെ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നവയാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ള മെറ്റയുടെ ചാറ്റ്ബോട്ടുകൾ.
സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ അതേ രീതിയിൽ ദുരുപയോഗം ചെയ്യില്ലെന്ന കരാർ നിലനിൽക്കെയാണ് ഗുരുതര നിയമലംഘനമെന്നാണ് റിപ്പോർട്ട്. ബോട്ടുകൾ കൂടുതൽ ആകർഷകമാക്കുന്നതിനായി അതിന്റെ സുരക്ഷാ നിയന്ത്രണങ്ങളിൽ മെറ്റ അയവുവരുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവ സംബന്ധിച്ച പുറത്തു വന്ന റിപ്പോർട്ടുകൾ തെറ്റാണെന്നാണ് മെറ്റയുടെ വാദം.
നിർമിത ബുദ്ധി ചാറ്റ്ബോട്ടുകളിൽ ശബ്ദം ഉപയോഗിക്കുന്നതിനായി ജോൺ സീന, ക്രിസ്റ്റ്യൻ ബേൽ, ജൂഡി ഡെഞ്ച് തുടങ്ങിയ സെലിബ്രിറ്റികളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളിലാണ് മെറ്റ ഏർപ്പെട്ടിരുന്നത്. ശബ്ദങ്ങൾ ലൈംഗികച്ചുവയോടെയുള്ള സംസാരങ്ങളിൽ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് കരാറുകൾ.
ജോൺ സീനയുടെ ശബ്ദത്തിൽ സംസാരിക്കുന്ന മെറ്റാ എഐ ചാറ്റ്ബോട്ട് പതിനാലുകാരിയോട് ലൈംഗികത പ്രകടമാക്കുന്ന വിധത്തിൽ സംസാരിച്ചുവെന്നാണ് ഒരു കണ്ടെത്തൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റ്യൻ ബെലിന്റെ ശബ്ദത്തിലുള്ള ചാറ്റ്ബോട്ടും ഇത്തരത്തിൽ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.









0 comments