തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം, ഗ്രീസിൽ കാട്ടുതീ മുന്നറിയിപ്പ്

photo credit: X
ഏഥൻസ്: യൂറോപ്പിൽ വേനൽ കാലമായതോടെ കൊടുംചൂടിൽ വലയുകയാണ് ജനങ്ങൾ. ചൂടിനെ തുടർന്ന് കാർഷികമേഖലയും ജനജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറ്റലിയിൽ കൊടും ചൂട് മൂലം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറ്റലിയിലെ 27 നഗരങ്ങളിൽ 21 എണ്ണത്തിലും ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേതുടർന്ന് ആരോഗ്യമന്ത്രാലയം കാട്ടുതീ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോം, മിലാൻ, നേപ്പിൾസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടുത്ത ചൂട് മൂലം ഗ്രീസ് വീണ്ടും കാട്ടുതീ ജാഗ്രതയിലാണ്. ഉഷ്ണതരംഗം ഈ ആഴ്‌ച മുഴുവൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച ഏഥൻസിന് തെക്ക് കാട്ടുതീ പടർന്നിരുന്നു. അതേതുടർന്ന് പോസിഡോൺ ക്ഷേത്രത്തിന് സമീപമുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. നാൽപ്പതോളം പേരെയാണ് ഒഴിപ്പിച്ചത്. സ്പെയിനിലെ തെക്കൻ നഗരമായ സെവില്ലെയിലും 42 ഡിഗ്രി സെൽഷ്യസ് (107 ഫാരൻഹീറ്റ്) വരെ താപനില ഉയർന്നതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്പെയിനിന്റെ തെക്കൻ പ്രദേശങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.









0 comments