ആഗോള ഭരണ സംവിധാനം വേണം , ബ്രിക്‌സ് കൂട്ടായ്മയെ ശക്തിപ്പെടുത്തും, ഭീകരവാദത്തെ പരാജയപ്പെടുത്തണം
പുതുലോകക്രമത്തിന് ആഹ്വാനം ; യുഎസിന് താക്കീതായി എസ്‌സിഒ ഉച്ചകോടി

ബീജിങ്
സാമ്രാജ്യത്വത്തിന്റെ സമ്മർദം ചെറുക്കാനും കൂടുതൽ നീതിയുക്തമായ ആഗോള ഭരണസംവിധാനത്തിനായി കൈകോർക്കാനും ആഹ്വാനംചെയ്‌ത് ഷാങ്‌ഹായ് സഹകരണ സംഘടന ഉച്ചകോടി. ഏകപക്ഷീയമായി അധിക ഇറക്കുമതിത്തീരുവ ചുമത്തി ലോകരാജ്യങ്ങളെ വരുതിയിൽനിർത്താൻ ശ്രമിക്കുന്ന അമേരിക്കയ്‌ക്ക് എതിരായ ബദൽനീക്കമായി ചൈന ആതിഥ്യമരുളിയ ഉച്ചകോടി മാറി. എല്ലാത്തരം ഭീകരവാദത്തെയും ചെറുത്തുതോൽപ്പിക്കണമെന്ന് പ്രഖ്യാപിച്ച സമ്മേളനം പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ എന്നീ ലോക നേതാക്കളുടെ വർധിച്ച ഐക്യത്തിനും സഹകരണത്തിനും വഴിതു റന്നു.
ഏകധ്രുവ ലോകക്രമത്തിനെതിരെ കൂടുതൽ നീതിയുക്തവും സമത്വപൂർണവുമായ ആഗോള ഭരണസംവിധാനത്തിനും ഇവിടെ ആഹ്വാനമുയർന്നു. മാനവരാശിയുടെ പരസ്‌പര സഹകരണത്തിലൂന്നിയുള്ള ഭാവിസമൂഹത്തിനായി രാജ്യങ്ങൾ പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ട ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇതിനായി അഞ്ച് മാർഗനിർദേശങ്ങളും മുന്നോട്ടുവച്ചു. രാജ്യങ്ങളുടെ പരമാധികാര സമത്വം, അന്താരാഷ്‌ട്ര നിയമവാഴ്‌ച, ബഹുരാഷ്‌ട്ര സഹകരണം, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സമീപനം, യാഥാർഥ്യത്തിലൂന്നിയുള്ള നടപടികൾ എന്നിവയിലൂടെയാകണം മുന്നേറേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധിക ഇറക്കുമതിത്തീരുവ അടിച്ചേൽപ്പിച്ച അമേരിക്കൻ നടപടിക്കെതിരായ ചെറുത്തുനിൽപ്പിന് ഉൗർജംപകർന്നാണ് റഷ്യ–ചൈന–ഇന്ത്യ നേതാക്കൾ തിയാൻജിനിൽ ഒത്തുചേർന്നത്. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിലാണ് അമേരിക്ക ഇന്ത്യക്ക് പിഴത്തീരുവ അടിച്ചേൽപ്പിച്ചത്. എന്നാൽ ഉൗർജരംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി.
ബ്രിക്‌സ് രാജ്യങ്ങളുടെ പുരോഗതി തടയാൻ വിവേചനപരമായ ഉപരോധം ഏർപ്പെടുത്തുന്നതിനെ ഉച്ചകോടി അപലപിച്ചു. ബ്രിക്‌സ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ശക്തിപ്പെടുത്താനും തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ അധിക വിഭവസമാഹരണം നടത്താൻ സന്നദ്ധമാണെന്ന് റഷ്യയും ചൈനയും അറിയിച്ചു. ചൈനയുമായും റഷ്യയുമായുമുള്ള ഇന്ത്യയുടെ വ്യാപാരം വർധിപ്പിക്കാൻ ധാരണയായി.
അടുത്തവർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഷി ജിൻപിങിനെ മോദി ക്ഷണിച്ചു. പത്തംഗങ്ങളും രണ്ടു നിരീക്ഷകരും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 14 ചർച്ചാ പങ്കാളികളും ഉൾപ്പെടെ 26 രാഷ്‌ട്രങ്ങൾ ഷാങ്‌ഹായ് സഹകരണ സംഘടനയുടെ ഭാഗമാണ്.
വികസന ബാങ്ക് രൂപീകരിക്കും
അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താൻ വികസന ബാങ്ക് രൂപീകരിക്കാൻ ഷാങ്‌ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ തീരുമാനം. ഉച്ചകോടിക്കുശേഷം ചൈനീസ് വിദേശമന്ത്രി വാങ് യി ആണ് ഇക്കാര്യം അറിയിച്ചത്. ബ്രിക്‌സിന്റെ ന്യൂ ഡവലപ്‌മെന്റ് ബാങ്ക് (എൻഡിബി), ഏഷ്യൻ ഇൻവെസ്റ്റ്‌മെന്റ് ഇൻഫ്രാസ്‌ട്രക്‌ചർ ബാങ്ക് (എഐഐബി) എന്നിവയുടെ മാതൃകയിലാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. അംഗരാജ്യങ്ങൾ തമ്മിൽ 10 വർഷത്തെ ചർച്ചയ്‌ക്കൊടുവിലാണ് ബാങ്കിന് അനുമതിയാകുന്നത്. സാമ്പത്തിക സഹകരണവും വികസനപ്രവർത്തനങ്ങളും ഉൗർജിതമാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ലാവോസിനെ എസ്‌സിഒ പങ്കാളിയായി അംഗീകരിച്ചതായും വാങ് യി പറഞ്ഞു.









0 comments