എല്ലാവരും മരിച്ചതായി സൂചന
റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 49 യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
മോസ്‌കോ: 49 പേരുമായി പറക്കുന്നതിനിടെ കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അഞ്ച് കുട്ടികൾ ഉൾപ്പെടെ 43 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബ്ലാഗോവെഷ്‌ചെൻസ്ക് നഗരത്തിൽ നിന്ന് ടിൻഡ പട്ടണത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റഡാറിൽനിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടിൻഡയിൽനിന്ന് 16 കിലോമീറ്റർ ദൂരത്തുള്ള വനപ്രദേശത്തെ മലഞ്ചെരുവിൽ വിമാനം തകർന്നുവീണ് കത്തുന്നതായി കണ്ടെത്തി.
ഹെലികോപ്റ്ററിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാടിനുള്ളിൽ കത്തിയമരുന്ന വിമാനാവശിഷ്ടങ്ങൾ ദൃശ്യങ്ങളിൽ കാണാം. 50 വർഷം മുമ്പ് നിർമ്മിച്ച വിമാനമാണ് അപകടത്തിൽപെട്ടതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്യുന്നു. 2021-ൽ വിമാനത്തിന്റെ പറക്കൽ യോഗ്യത സർട്ടിഫിക്കറ്റ് 2036 വരെ നീട്ടിയിരുന്നുവെന്ന് വ്യോമയാനാധികൃതർ അറിയിച്ചു.









0 comments