റഷ്യന്‍എണ്ണ യുഎസും ഇയുവും വാങ്ങുന്നത് മറക്കരുത് ; ട്രംപിന് ചൈനയുടെ മറുപടി

ഗുവോ ജിയാകുൻ
ബീജിങ്
ഉക്രയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സാന്പത്തികമായി സഹായിക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദത്തെ നിശിതമായി വിമർശിച്ച് ചൈന. ഇന്ത്യയും ചൈനയും മാത്രമല്ല അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമെല്ലാം റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നത് യുഎസ് മറക്കരുതെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
ചൈന റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരും. ചൈനീസ്, റഷ്യൻ കന്പനികൾ എണ്ണ വ്യാപാരം നടത്തുന്നത് ലോകവ്യാപാര സംഘടനയുടെ മാനദണ്ഡം പാലിച്ചാണ്. ചൈന വ്യാപാരം നടത്തുന്നത് മൂന്നാം കക്ഷിയെ ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎന്നിന് ചൈനയുടെ പിന്തുണ
യുഎൻ പൊതുസഭയിൽ ഐക്യരാഷ്‌ട്ര സംഘടനയെ കടന്നാക്രമിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തള്ളി ചൈന. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പകരം വയ്‌ക്കാനാകാത്ത പങ്ക് ഐക്യരാഷ്‌ട്ര സംഘടനയ്‌ക്കുണ്ടെന്ന് ഗുവോ ജിയാകുൻ പറഞ്ഞു. പ്രശ്‌നസങ്കീർണവും പ്രക്ഷുബ്‌ധവുമായ ലോകത്ത് യുഎന്നിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. യുഎൻ ചാർട്ടറുകൾക്കനുസരിച്ച് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് കച്ചവടക്കാരൻ : റഷ്യ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ‘ബിസിനസ്‌മാൻ’ ആണെന്നും അമേരിക്കയിൽനിന്നുള്ള എണ്ണ വാങ്ങാൻ മറ്റ് രാജ്യങ്ങളെ നിർബന്ധിക്കുന്നത് അതുകൊണ്ടാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ യുഎൻ പൊതുസഭയിൽ വിമർശിച്ച ട്രംപിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉയർന്ന വില നൽകി അമേരിക്കയുടെ എണ്ണ വാങ്ങാൻ ലോകത്തെ മുഴുവൻ ട്രംപ് നിർബന്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.








0 comments