പ്രതിരോധങ്ങൾ ദുർബലമായി; രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ

India rupee record low
വെബ് ഡെസ്ക്

Published on Sep 23, 2025, 02:52 PM | 2 min read

മുംബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിവസവും 48 പൈസ വരെ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 88.76 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 88.45 ആയിരുന്നു ഇതിന് മുൻപത്തെ താഴ്ന്ന നിരക്ക്.


ഇന്ത്യയ്ക്കുമേൽ പ്രതികാര ചുങ്കവും അധിക നികുതിയുമായി 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസ് നടപടിക്ക് തുടർച്ചയായി രൂപ തകർച്ചയിലായി. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ നടപടികൾ ദുർബലമായി. എച്ച്1ബി വീസയ്ക്ക് ഫീസ് കുത്തനെ കൂട്ടിയതും വീഴ്ചയ്ക്ക് ആക്കം കൂട്ടി.


ഈ വർഷം ഇതിനകം 2.8% ത്തോളം ഇടിഞ്ഞ രൂപയുടെ തകർച്ച തുടർച്ചയായിരുന്നു. നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11 ന് 88.47 ആയിരുന്നു. കഴിഞ്ഞ വർഷത്തെ 88.28 ൽ നിന്ന് 88.41 ൽ എത്തി എങ്കിലും കൂടുതൽ മൂല്യ നഷ്ടം ഉണ്ടായി. 88.76 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ക്ലോസിനേക്കാൾ 48 പൈസയുടെ കുത്തനെ ഇടിവാണ് റിപ്പോർട് ചെയ്തത്.


ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയാണ് രൂപയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഫർമേഷൻ ടെക്നോളജി കമ്പനികളുടെ ഉപ സൂചിക ഏകദേശം 3% ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

rupee

ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ വിലയിൽ എല്ലാം ഇത് പ്രതിഫലിക്കും. സ്വർണവില നിത്യം ഉയർന്ന് കൊണ്ടിരിക്കയാണ്. വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്ക് ചെലവ് വർധിക്കും.


കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 87 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 88.50 രൂപയിലധികമാണ്. ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നിരിക്കയാണ്.


ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. 2024 ൽ 12,940 കോടി രൂപയായിരുന്നു. യുഎസ് : 27.7%, യുഎഇ : 19.2%, യുകെ : 10.8%, സൗദി അറേബ്യ : 6.7%, സിംഗപ്പുർ : 6.6% എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള വിഹിതം. ഗൾഫ് രാജ്യങ്ങളെ മൊത്തത്തിൽ പരിഗണിക്കുമ്പോഴാണ് യു എസിനെക്കാൾ അധികം വരുന്നത്.


ഇതോടെ പ്രവാസികളുടെ പണം ഇന്ത്യയിൽ എത്തുന്നത് വർധിക്കും. അവർക്ക് വിനിമയ നിരക്ക് കൂടുതൽ ലഭിക്കും എന്നതാണ് ആശ്വാസകരമാവുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home