'പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ല'; മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് പ്രസിഡന്റ്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തോട് നോ പറഞ്ഞതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം. മയക്കുമരുന്ന് കടത്തുന്നതിനെതിരെ പ്രവർത്തിക്കാൻ സഹായത്തിനെന്ന പേരിലാണ് മെക്സിക്കോയിലേക്ക് യുഎസ് സൈന്യത്തെ ഇറക്കാൻ ട്രംപ് ശ്രമിച്ചത്. എന്നാൽ ട്രംപിന്റെ സഹായവാഗ്ദാനം നിരസിച്ചതായി ക്ലോഡിയ പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിനോട് പറഞ്ഞതായി ക്ലോഡിയ വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാടാൻ സഹായിക്കാമെന്നും അതിനുവേണ്ടി അമേരിക്കൻ സൈന്യത്തെ വിട്ടുതരാമെന്നുമറിയിച്ചായിരുന്നു ട്രംപിന്റെ ഫോൺവിളിയെന്ന് ക്ലോഡിയ പറഞ്ഞു. മെക്സിക്കയിൽ കൂടുതൽ യു.എസ് സൈന്യത്തിന് പ്രസിഡന്റ് അനുമതി നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മെക്സിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്.
തെക്കുപടിഞ്ഞാറൻ അതിർത്തി സുരക്ഷിതമാക്കുന്നതിനായി ട്രംപ് മെക്സിക്കൻ ഭരണാധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് പറഞ്ഞു. കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ മാസങ്ങളിൽ മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ യുഎസ് കൂടുതൽ സൈനികരെ വിന്യസിച്ചിരുന്നു.









0 comments