പാപ്പയുടെ ശബ്ദം വ്യക്തം

സി റൂബിനി ചിന്നപ്പൻ / സിറ്റിസി വത്തിക്കാൻ റോം
Published on May 11, 2025, 02:51 AM | 2 min read
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യഭാഗത്തുള്ള ബാൽക്കണിയിൽ ആദ്യമായി വന്നപ്പോൾ ലിയോ പതിനാലാമൻ നൽകിയത് സമാധാനത്തിനും ഐക്യത്തിനും ദൗത്യത്തിനും വേണ്ടിയുള്ള ആഹ്വാനം. ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുമ്പോൾ ഫ്രാൻസിസ് പാപ്പയുടെ ശബ്‌ദത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്ന ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിന്റെ വാക്കുകളോടെ ആരംഭിച്ച്, എളിമയുള്ളതും നിരായുധപരവും ദൈവസ്‌നേഹത്തിൽ വേരൂന്നിയതുമായ സമാധാനത്തെ ഊന്നിപ്പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പ മുഴുവൻ ലോകത്തിനും ആശംസ നേർന്നു. ആഗോള പ്രക്ഷുബ്‌ധതയെ അഭിമുഖീകരിക്കുമ്പോൾ പ്രത്യാശയുടെയും സഹിഷ്‌ണുതയുടെയും ഈസ്റ്റർ സന്ദേശത്തെ അദ്ദേഹം പ്രതിധ്വനിപ്പിച്ചു.
"ദൈവം നമ്മെ സ്‌നേഹിക്കുന്നു, ദൈവം നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു, തിന്മ വിജയിക്കില്ല’.
മതിലുകൾക്കു പകരം പാലങ്ങൾ പണിയുകയും മാനവികതയുമായി കൈകോർത്ത് നടക്കുകയും ചെയ്യുന്ന സഭയെ കുറിച്ച് ലിയോ പാപ്പ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. തന്റെ അഗസ്റ്റിനിയൻ പൈതൃകത്തെ അടിസ്ഥാനമാക്കി, അദ്ദേഹം വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പ്രതിധ്വനിപ്പിച്ചു. ഒരു വിദൂര അധികാരി എന്ന നിലയിലല്ല, മറിച്ച് ജനങ്ങളോടൊപ്പം യാത്രചെയ്യുന്ന സഹവിശ്വാസി എന്ന നിലയിലുള്ള തന്റെ പങ്കിനെ എടുത്തുകാണിച്ചു.
സംഘർഷങ്ങൾകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന കാലഘട്ടത്തിൽ ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശം ശക്തമായി പ്രതിധ്വനിക്കുന്നു. ദരിദ്രരെ കേൾക്കുകയും, ഒരുമിച്ച് യാത്ര ചെയ്യുകയും, അവരുമായി അടുത്തുനിൽക്കുകയും ചെയ്യുന്ന ഒരു സിനഡൽ സഭയുടെ ആവശ്യകത പാപ്പ ഊന്നിപ്പറഞ്ഞു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാർഥനയിൽ പങ്കുചേരാൻ ആഗോള സഭയെ ക്ഷണിക്കുകയും ചെയ്‌തു.
വെറുമൊരു സ്ഥാപനമാകാതെ കരുണ, സംവാദം, ക്രിസ്‌തുവിന്റെ വെളിച്ചം എന്നിവയാൽ ഭിന്നതകളെ മറികടക്കുന്ന ഒരു മിഷനറി സമൂഹമാകാൻ അദ്ദേഹം സഭയോടു ആഹ്വാനം ചെയ്യുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മീയം മാത്രമല്ല, ആഴത്തിലുള്ള ധാർമികതയും കാണാം. ഫ്രാൻസിസ് പാപ്പയെപ്പോലെ, ലിയോ പതിനാലാമനിൽ കഷ്ടപ്പെടുന്ന ലോകത്തിന്റെ നിലവിളികളോട് ആഴത്തിൽ ഇണങ്ങിച്ചേർന്ന അജപാലകനെ കാണാം.
ലിയോ പതിനാലാമൻ ക്രിസ്‌തുവിലുള്ള വിശ്വാസത്തെ ആത്മീയ ആശ്വാസമായി മാത്രമല്ല, അക്രമത്തിന്റെയും നിരാശയുടെയും കാലഘട്ടങ്ങളിൽ ധാർമികവും അസ്‌തിത്വപരവുമായ നങ്കൂരമായാണ് അവതരിപ്പിക്കുന്നത്. മനുഷ്യന്റെ അന്തസ്സ് ചവിട്ടിമെതിക്കപ്പെടുകയും വിദ്വേഷവും വിഭജനവും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന യുദ്ധങ്ങളിൽ, അദ്ദേഹത്തിന്റെ മാർഗനിർദേശത്തിനു കീഴിൽ സഭ ക്രിസ്‌തുവിന്റെ സന്ദേശത്തിലധിഷ്‌ഠിതമായ സമാധാനത്തിനായുള്ള ശബ്‌ദമാകുക, മനുഷ്യമഹത്വം ഉയർത്തി മുറിവേറ്റവരെയും കുടിയിറക്കപ്പെട്ടവരെയും സേവിക്കുക, ഇരുണ്ടതും ശത്രുതാപരമായതുമായ ചുറ്റുപാടുകളിൽ സന്തോഷത്തോടും വിനയത്തോടുംകൂടി സാക്ഷ്യം വഹിക്കുക, ത്യാഗപരമായ സ്നേഹത്തിലൂടെ ലോകത്തെ പരിവർത്തനത്തിലേക്ക് വിളിക്കുക എന്നിവ ആവശ്യപ്പെടുന്നു. യുദ്ധത്താൽ പീഡിപ്പിക്കപ്പെട്ട സ്ഥലങ്ങളിൽ, സഭ പ്രത്യാശയുടെ ദീപസ്തംഭമായിരിക്കണമെന്നാണ് പാപ്പ വ്യക്തമാക്കിയത്.









0 comments