പൈലറ്റ് ശൗചാലയത്തിൽ; നിയന്ത്രിക്കാനാളില്ലാതെ വിമാനം പറന്നത് 10 മിനിറ്റോളം

ബർലിൻ : പൈലറ്റും കോ പൈലറ്റുമില്ലാതെ ലുഫ്താൻസ വിമാനം പറന്നത് പത്ത് മിനിറ്റ്. ക്യാപ്റ്റൻ ശൗചാലയത്തിൽ പോയ സമയത്ത് കോ പൈലറ്റ് അസുഖ ബാധിതനായി കുഴഞ്ഞു വീണതോടെയാണ് കോക് പിറ്റിൽ ആരുമില്ലാതായത്. രണ്ടും ഒരേസമയത്ത് സംഭവിച്ചതോടെ നിയന്ത്രിക്കാൻ ആളില്ലാതെ 10മിനിറ്റോളം വിമാനം ആകാശത്ത് പറന്നു.
2024 ഫെബ്രുവരി 17ന് 199 യാത്രക്കാരും ആറ് ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലാണ് സംഭവം. ജർമൻ വാർത്താ ഏജൻസി ഡിപിഎ ആണ് വാർത്ത ലോകത്തെ അറിയിച്ചത്.
അബോധാവസ്ഥയിലായ കോപൈലറ്റ് വെപ്രാളത്തിൽ നിയന്ത്രണസംവിധാനങ്ങൾ പലതും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ വിമാനം പറക്കുന്നതിൽ പ്രശ്നമൊന്നും ഉണ്ടായില്ലായെന്ന് ഡിപിഎയുടെ റിപ്പോർട്ടിൽ പറയുന്നു.
ശൗചാലയത്തിൽ നിന്ന് തിരിച്ചെത്തിയ പൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയും മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കുകയും ചെയ്തു.
0 comments