പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ മേയ് 7 ന് പേപ്പൽ കോൺക്ലേവ്

വത്തിക്കാൻ സിറ്റി: പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള പേപ്പൽ കോൺക്ലേവ് മേയ് ഏഴിന് നടക്കും. അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്കൊരുങ്ങി വത്തിക്കാൻ. അതിനു മുന്നോടിയായുള്ള കർദിനാൾമാരുടെ യോഗം തുടങ്ങി. വത്തിക്കാനിൽ നടന്ന കർദിനാളുമാരുടെ യോഗത്തിലാണ് തീരുമാനം. 135 കർദിനാൾമാർക്കാണ് വോട്ടവകാശം. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. കത്തോലിക്ക സഭയുടെ നിയമപ്രകാരം ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിനു ശേഷമേ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ചടങ്ങുകൾ തുടങ്ങുകയുള്ളു. അത് പ്രകാരമാണ് ഏഴിന് കോൺക്ലേവ്. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. സിസ്റ്റെയിൻ ചാപ്പലിലാണ് തെരഞ്ഞെടുപ്പ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ആവശ്യം. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. മെയ് ഏഴിനാണ് ആദ്യ ബാലറ്റ്.
ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ തെരഞ്ഞെടുപ്പ് പൂർത്തിയായില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. രഹസ്യയോഗമായതിനാൽ തന്നെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമായി തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാൽ പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.









0 comments