പാപ്പ തെരഞ്ഞെടുപ്പ്‌: മധ്യകാലഘട്ടം മുതൽ ഇന്നുവരെ

papa

photo credit: X

ലോകവും കത്തോലിക്കാ സഭയും പുതിയ പാപ്പയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്‌. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്‌ സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ച മുതൽ ആരംഭിച്ചു. അതീവ രഹസ്യസ്വഭാവം പുലർത്തുന്നതാണ്‌ പേപ്പൽ കോൺക്ലേവ്‌. അതിന്റെ വേരുകൾ കിടക്കുന്നത് മധ്യകാലഘട്ടത്തിലാണ് . "കോൺക്ലേവ്" എന്ന പദത്തിന്റെ ഉത്ഭവം രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ്,(കും-–-കൂടെ, ക്ലാവിസ് –- താക്കോൽ). ഏകാന്തമായ സ്ഥലത്തെയും അവിടെ ഒത്തുകൂടുന്ന കർദ്ദിനാൾമാരുടെ സംഘത്തെയുമാണ്‌ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌. ഇന്ന് നമുക്കറിയാവുന്ന കോൺക്ലേവിന്റെ ഔപചാരിക പ്രക്രിയ 1274-ൽ ഗ്രിഗറി പത്താമൻ പാപ്പയാണ് കൊണ്ടുവന്നത്‌.


പാപ്പ തെരഞ്ഞെടുപ്പുകളിലെ ആദ്യകാല മാറ്റങ്ങൾ


പതിമൂന്നാം നൂറ്റാണ്ടിന് മുമ്പ് പാപ്പമാരുടെ തെരഞ്ഞെടുപ്പ് ഇത്രയും സങ്കീർണമായിരുന്നില്ല. പുതിയ പാപ്പയെ തെരഞ്ഞെടുത്തിരുന്നത്‌ ഇറ്റലിയിലെയും ചില അയൽരാജ്യങ്ങളിലെ മെത്രാന്മാരും പുരോഹിതന്മാരും റോമിലെ വിശ്വാസികളും ചേർന്നാണ്. എന്നിരുന്നാലും, രാഷ്ട്രീയ ശക്തികൾ ഉൾപ്പെടെയുള്ള ബാഹ്യ സ്വാധീനങ്ങൾ പലപ്പോഴും ഈ പ്രക്രിയയെ തടസപ്പെടുത്തി. 1059-ൽ നിക്കോളാസ് രണ്ടാമൻ പാപ്പയാണ് റോമിലെ പാപ്പയെ തെരഞ്ഞെടുക്കാൻ കർദ്ദിനാൾമാർക്ക് മാത്രമേ കഴിയൂ എന്ന സുപ്രധാന മാറ്റത്തിന്‌ തുടക്കം കുറിച്ചത്. 1179-ൽ, തിരഞ്ഞെടുപ്പിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമം അലക്സാണ്ടർ മൂന്നാമൻ പാപ്പ കൊണ്ടുവന്നു. ആ നിയമം ഇന്നും നിലനിൽക്കുന്നു.


Nicholasനിക്കോളാസ് രണ്ടാമൻ മാർപാപ്പ


ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നീണ്ടുനിന്ന പാപ്പ തെരഞ്ഞെടുപ്പായിരുന്നു 1268-1271 വിത്തെർബോയിലേത്‌. രാഷ്ട്രീയ ഇടപെടൽ കാരണം തെരഞ്ഞെടുപ്പ്‌ ഏകദേശം മൂന്ന് വർഷം നീണ്ടുനിന്നു. മൂന്നുവർഷത്തിനു ശേഷം ഗ്രിഗറി പത്താമൻ പാപ്പയെ തെരഞ്ഞെടുത്തു.


1268ൽ 18 കർദ്ദിനാൾമാർ പുതിയ പാപ്പായെ തെരഞ്ഞെടുക്കാൻ വിത്തേർബോയിലെ പാപ്പയുടെ കൊട്ടാരത്തിൽ ഒത്തുകൂടിയെങ്കിലും തീരുമാനമായില്ല. നിരാശ കാരണം വിത്തേർബോയിലെ ജനങ്ങൾ അവരെ കൊട്ടാരത്തിൽ പൂട്ടിയിടാൻ തീരുമാനിച്ചു. ഒടുവിൽ, കർദ്ദിനാളോ പുരോഹിതനോ അല്ലാത്ത ലീയിജിലെ ആർച്ച്ഡീക്കനായ തിയോബാൽദോ വിസ്ക്കോന്തിയാണ് ഗ്രിഗറി പത്താമൻ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.


പിന്നീടാണ് കോൺക്ലേവിന്റെ സ്ഥാപനം വന്നത്. 1274-ൽ ഗ്രിഗറി പത്താമൻ പാപ്പ ഭരണഘട  വഴി തെരഞ്ഞെടുപ്പ്‌ ഔപചാരികമാക്കി. ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ കർദ്ദിനാൾമാർ അതീവ രഹസ്യമായി "രാഷ്ട്രീയമോ വ്യക്തിപരമോ ആയ ഇടപെടലുകളില്ലാതെ" കത്തോലിക്കാ സഭയുടെ അടുത്ത തലവനെ തെരഞ്ഞെടുക്കാനുള്ള ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വ്യക്തമാക്കി.


കോൺക്ലേവിന്റെ പിറവി


പുതിയ നിയമപ്രകാരമുള്ള ആദ്യത്തെ കോൺക്ലേവ് 1276-ൽ ടസ്കനിയിലെ അരെസ്സോയിൽ നടന്നു. ഇന്നസെന്റ് അഞ്ചാമൻ പാപ്പയെ കോൺക്ലേവ് തെരഞ്ഞെടുത്തു. തുടർന്ന്‌ വന്ന ഓരോ പാപ്പമാരും തെരഞ്ഞെടുപ്പിൽ പരിഷ്കരണങ്ങൾ കൊണ്ടുവന്നു. 1621-ൽ ഗ്രിഗറി പതിനാലാമൻ പാപ്പ ബാലറ്റുകൾക്ക്‌ രഹസ്യസ്വഭാവം കൊണ്ടുവരികയും അവ രേഖാമൂലമാക്കുകയും ചെയ്‌തു. 1904-ൽ കോൺക്ലേവ് സമാപനത്തിനുശേഷവും രഹസ്യസ്വഭാവം നിലനിർത്തണമെന്ന്‌ നടപ്പാക്കിയത് പിയൂസ് പത്താമൻ പാപ്പയാണ്.


1945-ൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പ നടത്തിയ ഭരണഘടന പരിഷ്കാരമാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പരിഷ്കാരങ്ങളിലൊന്ന്. പാപ്പ പദവി ഒഴിഞ്ഞുകിടക്കുമ്പോൾ കർദ്ദിനാൾമാരുടെ പങ്കിനെക്കുറിച്ച് ഇത് വിശദീകരിച്ചു. പിന്നീട്‌ വന്ന വിശുദ്ധ പോൾ ആറാമൻ 80 വയസിന് താഴെയുള്ള കർദ്ദിനാൾമാരുടെ വോട്ടവകാശത്തെ പരിമിതപ്പെടുത്തി.


സിസ്റ്റൈൻ ചാപ്പലും കോൺക്ലേവിന്റെ സ്ഥാനവും


Pope_John_Paulവിശുദ്ധ ജോൺ പോൾ രണ്ടാമൻ

1492-ൽ സിസ്റ്റൈൻ ചാപ്പൽ പാപ്പമാരെ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥലമായി മാറിയെങ്കിലും ചരിത്രം പരിശോധിക്കുമ്പോൾ വിവിധ സ്ഥലങ്ങളിൽ കോൺക്ലേവുകൾ നടന്നു. മൊത്തത്തിൽ റോമിന് പുറത്ത് 15 തെരഞ്ഞെടുപ്പുകൾ നടന്നു. ചിലത് ഇറ്റലിക്ക് പുറത്തുമായിരുന്നു. ഫ്രാൻസിലെ 1314-16 കോൺക്ലേവും, ജർമ്മനിയിലെ 1415-17 കോൺക്ലേവും അതിന് ഉദാഹരണമാണ്. 1996-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക വേദിയായി സിസ്റ്റൈൻ ചാപ്പലിനെ സ്ഥിരീകരിച്ചു.


കോൺക്ലേവുകളുടെ ദൈർഘ്യം


ഓരോ കോൺക്ലേവിന്റെയും ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കുന്നു. 1268 –- 1271 ലെ പേപ്പൽ കോൺക്ലേവായിരുന്നു ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോൺക്ലേവ്‌. ഏകദേശം മൂന്ന് വർഷം നീണ്ടുനിന്നു. ഏറ്റവും കുറവ്‌ സമയമെടുത്ത കോൺക്ലേവായിരുന്നു 1503 ൽ നടന്നത്. ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു ദൈർഘ്യം. ഫ്രാൻസിസ് പാപ്പയെ തെരഞ്ഞെടുത്ത 2013ലെ കോൺക്ലേവ് രണ്ട് ദിവസമാണ്‌ നീണ്ടുനിന്നത്‌. അഞ്ചാമത്തെ വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കി.


രഹസ്യസ്വഭാവം


Sistinaസിസ്റ്റൈൻ ചാപ്പൽ

പാപ്പയുടെ മരണാനന്തരചടങ്ങള്‍ക്കും ഒമ്പതുദിവസത്തെ ദുഃഖാചരണത്തിനും ശേഷമാണ് കോണ്‍ക്ലേവിനായി കര്‍ദിനാള്‍മാര്‍ റോമില്‍ ഒരുമിച്ചുകൂടുന്നത്. പാപ്പായുടെ കാലശേഷം പതിനഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് കോണ്‍ക്ലേവ് തുടങ്ങുന്നത്. പരമാവധി ഇരുപതു ദിവസംവരെ മാത്രമേ ഇതുനീട്ടി വയ്ക്കാനാകൂ. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യണം. പ്രതിജ്ഞയെടുത്തശേഷം പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ പുറംലോകവുമായി കര്‍ദിനാള്‍മാര്‍ക്കു യാതൊരു ബന്ധവുമുണ്ടായിരിക്കുന്നതല്ല. മെയ് 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ 133 കർദിനാൾമാരാണ് വോട്ടവകാശമുള്ളത്.


തെരഞ്ഞെടുപ്പ്


രാവിലെ അർപ്പിക്കുന്ന ദിവ്യബലിയോടുകൂടിയാണു കോണ്‍ക്ലേവ് ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് പാപ്പയെ തെരഞ്ഞെടുക്കപ്പെടുന്നതിനായി കര്‍ദിനാള്‍മാര്‍ ഒരുമിച്ചു പ്രാര്‍ഥിക്കുന്നു. ‘എലിഗോ ഇന്‍ സുമ്മും പൊന്തിഫിക്കേ…' (പാപ്പയായി … നെ ഞാന്‍ തിരഞ്ഞെടുക്കുന്നു) എന്നാണു ദീര്‍ഘചതുരാകൃതിയിലുള്ള ബാലറ്റിന്റെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു താഴെ പാപ്പയായി തെരഞ്ഞെടുക്കപ്പെടാന്‍ അനുയോജ്യനായ വ്യക്തിയുടെ പേരു കര്‍ദിനാള്‍മാര്‍ എഴുതും. സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കിള്‍ ആഞ്ചലോ വരച്ചിരിക്കുന്ന അന്ത്യവിധിയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന അള്‍ത്താരയ്ക്കുമുമ്പിലായി വച്ചിരിക്കുന്ന പാത്രത്തില്‍ കര്‍ദിനാള്‍മാര്‍ വോട്ടുചെയ്ത ബാലറ്റ് രണ്ടായി മടക്കി നിക്ഷേപിക്കും. തുടര്‍ന്നു ബാലറ്റു എണ്ണി തിട്ടപ്പെടുത്തും. മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നതുവരെ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞുമായി നാലുപ്രാവശ്യമാണ് വോട്ടിങ്.


pope francisഫ്രാൻസിസ്‌ മാർപാപ്പ


ഓരോ വോട്ടെടപ്പു കഴിയുമ്പോഴും ഫലം പ്രഖ്യാപിക്കുകയും മൂന്നു കര്‍ദിനാള്‍മാര്‍ അവ രേഖപ്പെടുത്തുകയും ചെയ്യും. വോട്ടിങ്ങില്‍ ആര്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ ബാലറ്റുകള്‍ ചാപ്പലിനോടുചേർന്നുള്ള അടുപ്പിലിട്ടു കറുത്ത പുകവരത്തക്ക രീതിയിലുള്ള പ്രത്യേക രാസവസ്തുക്കളും ചേര്‍ത്തു കത്തിച്ചുകളയുന്നു. പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഏതെങ്കിലും കര്‍ദിനാളിനു ലഭിച്ചാല്‍ കര്‍ദിനാള്‍ സമ്മതം ചോദിക്കുന്നു. സമ്മതം ലഭിച്ചാല്‍ ബാലറ്റുകള്‍ ചാപ്പലിനോടു അടുത്തുള്ള അടുപ്പിലിട്ടു വെളുത്ത പുകവരത്തക്ക രീതിയിലുള്ള പ്രത്യേക രാസവസ്തുക്കള്‍ ചേര്‍ത്തു കത്തിച്ചുകളയുന്നു.


"കണ്ണുനീരിന്റെ മുറി"


പാപ്പയെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ, അദ്ദേഹത്തെ സിസ്റ്റൈൻ ചാപ്പലിനടുത്തുള്ള ചെറിയ മുറിയായ "കണ്ണുനീർ മുറി"യിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച്‌ അദ്ദേഹം മാപാപ്പയുടെ വെളുത്ത കുപ്പായവും സ്ഥാനവസ്ത്രങ്ങളും ധരിക്കുന്നു. തുടര്‍ന്ന്, എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിക്കും.


ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തെരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’(നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിക്കുന്നത്. ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടര്‍ന്നു നിയുക്ത പാപ്പ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന്‌ നടത്തുന്ന ആശീര്‍വാദ പ്രാർഥനയോടെ (ഉര്‍ബി/ഓര്‍ബി) ചടങ്ങുകള്‍ സമാപിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home