തുടർ ചർച്ചകൾക്ക് സന്നദ്ധത; എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്ന് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി: കശ്മീർ, സിന്ധു നദീജല കരാർ, ഭീകരവാദം എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി നേരിട്ട് ചർച്ചകൾക്ക് തയാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
ചതുർരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഷെഹ്ബാസ് ഷെറീഫ്. ഇതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ്സന്നദ്ധത ആവർത്തിച്ചത്.
“കശ്മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരവും ഭീകരവാദത്തിനെതിരെയും നമ്മുടെ അയൽക്കാരനുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്.” എന്നായിരുന്നു വാക്കുകൾ.
ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പാകിസ്ഥാൻ പ്രതികരിക്കും. ഇന്ത്യ സമാധാന വാഗ്ദാനം അംഗീകരിക്കുകയാണെങ്കിൽ, സമാധാനം ആത്മാർത്ഥമായും ഗൗരവമായും സ്വീകരിക്കും എന്നും പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. "ഭീകരതയും ചർച്ചകളും ഒരേ സമയം നടക്കില്ല. ഭീകരതയും വ്യാപാരവും നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ നടക്കുകയാണെങ്കിൽ അത് ഭീകരതയെയും പാക് അധിനിവേശ കാശ്മീരിനെയും കുറിച്ച് മാത്രമായിരിക്കും". എന്നാണ് പറഞ്ഞു വെച്ചത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ നേരിട്ട തരിച്ചടിക്ക് ശേഷം സഖ്യകക്ഷികളുടെ പിന്തുണ തേടുന്നതിനായാണ് ഷെരീഫ് ഈ ആഴ്ച നാല് രാഷ്ട്രങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടത്. പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ ഇസ്താംബൂളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെയും കണ്ടു.









0 comments