“കശ്മീർ വിഷയം ഉയർത്തിക്കാട്ടുന്നത് തുടരും” യുഎൻ സുരക്ഷാ സമിതിയിൽ പാകിസ്ഥാൻ

മാൻഹാട്ടൻ > ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ അസ്ഥിരാംഗമായി പാകിസ്ഥാൻ ചുമതലയേറ്റു. രണ്ട് വർഷത്തേക്കാണ് പാക്കിസ്ഥാനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യ – പസഫിക് മേഖലയിൽ നിന്ന് പാകിസ്ഥാനും ദക്ഷിണ കൊറിയയുമാണ് സുരക്ഷാ സമിതിയിലുള്ളത്. എട്ടാം തവണയാണ് പാകിസ്ഥാനെ സുരക്ഷാ സമിതിയിലേക്ക് അസ്ഥിരാംഗമെന്ന നിലയിൽ തെരഞ്ഞെടുക്കുന്നത്.
ജൂലൈയിൽ സുരക്ഷാ സമിതിയിൽ അധ്യക്ഷൻ പാകിസ്ഥാനായിരിക്കും. സുരക്ഷാ സമിതിയുടെ അജണ്ട പാക്കിസ്ഥാനാണ് നിശ്ചയിക്കുക. മുൻ കാലങ്ങളിലെ പോലെ കശ്മീരായിരിക്കും പാകിസ്ഥാൻ മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അജണ്ട. “ഞങ്ങൾ കശ്മീർ വിഷയം ഉയർത്തിക്കാട്ടുന്നത് തുടരും” “അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ നടപടികൾക്കായി മുന്നോട്ട് പോകും,” പാകിസ്ഥാൻ യുഎൻ അംബാസഡർ മുനീർ അക്രം പറഞ്ഞു.
ഏഷ്യയിലും യൂറോപ്പിലും രാഷ്ട്രീയവും മാനുഷികവുമായ പ്രതിസന്ധികൾ നേരിടുന്ന ഒരു സുപ്രധാന സമയത്താണ് പാകിസ്ഥാന്റെ അംഗത്വം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊല, ലെബനനിലെ പ്രതിസന്ധി, ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം, സിറിയയിലെ ഭരണമാറ്റം, അസർബൈജാനും അർമേനിയയും തമ്മിലുള്ള സംഘർഷം, റഷ്യ – ഉക്രയ്‌ൻ സംഘർഷം മുതലായവ ലോകത്തെ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യ ഗ്ലോബൽ സൗത്തിനായി നിലകൊള്ളുന്നത് പോലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിൽ നിന്നുള്ള രാജ്യമെന്ന നിലയ്ക്ക് 'മുസ്‌ലിം ലോകത്തിന്റെ ശബ്ദം' ആകാൻ ശ്രമിക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞു.









0 comments