കശ്മീർ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നു; പാകിസ്ഥാൻ പ്രധാനമന്ത്രി

photo credit: facebook
ഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"കശ്മീർ ഐക്യദാർഢ്യ ദിനം" എന്ന പേരിൽ മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെയാണ് ഷെരീഫിന്റെ പ്രഖ്യാപനം.
"2019 ആഗസ്‌ത് 5-ലെ ചിന്തയിൽ നിന്ന് ഇന്ത്യ പുറത്തുവരണം, ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണം. ഇരുരാജ്യങ്ങളും സൗഹൃദം ആരംഭിക്കുകയും വേണം" എന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഉഭയകക്ഷി ബന്ധങ്ങൾ വഷളായിരുന്നു.
1999-ലെ ലാഹോർ പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാർഗം ചർച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ പലതവണ കശ്മീർ വിഷയം ഉന്നയിച്ചിട്ടുണ്ട്.









0 comments