ഓസ്‌കര്‍വേദിയില്‍ ഉയര്‍ന്നു പലസ്‌തീന്റെ ശബ്ദം ; ഇസ്രയേലി, പലസ്തീന്‍ 
മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ "നോ അദർ ലാൻഡി'ന് പുരസ്‌കാരം

oscar 2025

ഓസ്-കർ വേദിയിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുന്ന 
ബാസെൽ ആദ്രയും യുവാൽ എബ്രഹാമും ഫോട്ടോ: എഎഫ്പി

വെബ് ഡെസ്ക്

Published on Mar 04, 2025, 02:30 AM | 1 min read


ലൊസ് ആഞ്ചലസ് : ജനിച്ച മണ്ണിൽ തുടച്ചുനീക്കപ്പെടുന്ന പലസ്‌തീന്‍ ജനതയുടെ പോരാട്ടം ചിത്രീകരിച്ച "നോ അദർ ലാൻഡി'ന് ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കർ പുരസ്‌കാരം. 97-ാം ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ വിഖ്യാതനടൻ സാമുവൽ എൽ ജാക്‌സൺ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ യുവാൽ എബ്രഹാമും പലസ്‌തീന്‍ പ്രക്ഷോഭകനും മാധ്യമപ്രവര്‍ത്തകനുമായ ബാസെൽ ആദ്രയും തോളോടുതോൾ ചേർന്ന് വേദിയിലെത്തി. കൂട്ടുകാരായ റേച്ചൽ സോറും ഹംദൻ ബല്ലാലും അനുഗമിച്ചു. പലസ്‌തീന്‍ ഇസ്രയേലി സംയുക്ത സംരംഭമായ ഡോക്യുമെന്ററിയുടെ ശിൽപ്പികളാണ്‌ ഈ നാലുപേർ.


വെസ്റ്റ്‌ബാങ്കില്‍ കാലങ്ങളായി ഇസ്രയേലി സൈന്യം തുടരുന്ന നഗ്നമായ മനുഷ്യാവകാശലംഘനങ്ങളാണ്‌ നോ അദർ ലാൻഡിന്റെ പ്രമേയം. ബാസെൽ ആദ്രെ ജനിച്ചുവളർന്ന ഹെബ്രോൺ മലനിരകളിലെ മസഫെർ യത്ത ഗ്രാമം അധിനിവേശത്തിൽ അമരുന്നതിന്റെ നേർചിത്രമാണിത്. "രണ്ട് മാസം മുമ്പ് ഞാൻ അച്ഛനായി. എന്റെ മകൾക്ക് ഞാൻ ഇപ്പോൾ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടി വരരുത്​. ഉറപ്പുള്ള തീരുമാനമെടുക്കൂ, ഈ അനീതി അവസാനിപ്പിക്കൂ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’, ആദ്രെ പറഞ്ഞു.


​ഗാസയിലെ ക്രൂരത ഉടൻ അവസാനിപ്പിക്കണമെന്ന് യുവാൽ എബ്രഹാം ഉറച്ച ശബ്‌ദത്തില്‍ ആവശ്യപ്പെട്ടു. "ഞങ്ങള്‍ പലസ്‌തീന്‍കാരും ഇസ്രയേലികളും ഒന്നിച്ചാണ്‌ സിനിമ നിര്‍മിച്ചത്. ഒന്നിച്ചുനിന്നാല്‍ ശബ്‌ദം കരുത്തുറ്റതാണ്,’ എബ്രഹാമിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയോട് ഓസ്‌കര്‍വേദി സ്വീകരിച്ചു. "ലോകസിനിമയിലെ ദുഃഖകരമായ നിമിഷം' എന്നാണ് ഓസ്‌കര്‍ വാര്‍ത്തയോട് ഇസ്രയേൽ സാംസ്‌കാരിക മന്ത്രി എക്‌സിൽ പ്രതികരിച്ചത്.


അതേസമയം, അവാർഡ്‌ പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പ്‌ ഡോക്യുമെന്ററി ചിത്രീകരിച്ച വെസ്റ്റ്‌ബാങ്കിൽ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേൽ സൈന്യം ഇവിടെനിന്ന്‌ മൂന്നുപേരെ അറസ്റ്റുചെയ്‌തെന്നും റിപ്പോർട്ടുണ്ട്‌. ചിത്രം ബർലിൻ ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്‌ നേടിയപ്പോൾ ഇസ്രയേൽ രൂക്ഷമായി വിമർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home