ഹസീനയുടെ പലായനത്തിന് ഒരു വർഷം; വിചാരണ തുടങ്ങി

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ് ഹസീന രാജ്യംവിടാൻ കാരണമാക്കിയ ജനകീയ പ്രക്ഷോഭത്തിന് ചൊവ്വാഴ്ച ഒരാണ്ട്. ഭരണകക്ഷിയായിരുന്ന അവാമി ലീഗിന് അനുകൂലമാകുംവിധം സംവരണ നയം തിരുത്തിയതിനോടുള്ള പ്രതിഷേധമായി തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പിന്നീട് രാഷ്ട്രീയ പ്രതിഷേധമാവുകയായിരുന്നു. ഹസീനയുടെ പിതാവ് കൂടിയായ മുജിബുർ റഹ്മാന്റെ വീടും പ്രതിമയുമടക്കം തച്ചുടച്ച പ്രക്ഷോഭകർ പിടികൂടും മുമ്പ് ഹസീന പ്രസിഡന്റിനെ കണ്ട് രാജി അറിയിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. 2024 ആഗസ്ത് അഞ്ചിന് ഇന്ത്യയിലെത്തിയ ഹസീനയെ വിചാരണ നേരിടാനായി തിരിച്ചയക്കണമെന്ന് നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ട ഹസീനയ്ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകൾ ചുമത്തി നിരവധി കേസുകളാണുള്ളത്. വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചു. അതിനിടെ, ഹസീനയുടെ ഔദ്യോഗിക വസതിയായിരുന്ന ഗണ ഭവൻ മ്യൂസിയമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.









0 comments