'ഉണ്ടായിരുന്നതെല്ലാം അവസാനിച്ചു': യുഎസുമായുള്ള ബന്ധത്തെപ്പറ്റി മാർക്ക് കാർണി

ഒട്ടാവ : യുഎസുമായി കാനഡയ്ക്കുണ്ടായിരുന്ന പഴയ ബന്ധങ്ങളെല്ലാം അവസാനിച്ചുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സുദീർഘമായ വ്യാപാര- സാമ്പത്തിക- സൈനിക സുരക്ഷാ ബന്ധങ്ങളെല്ലാം അവസാനിച്ചുവെന്നാണ് വ്യാഴാഴ്ച മാർക്ക് കാർണി പറഞ്ഞത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ട്രംപ് 25 ശതമാനം നികുതി ചുമത്തിയതിനു പിന്നാലെയാണിത്. അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നികുതി 5 ലക്ഷത്തോളം തൊഴിലുകളുള്ള കനേഡിയൻ വാഹന വ്യവസായ മേഖലയെ ബാധിക്കുമെന്നാണ് സൂചന.
അധികാരത്തിലെത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയിൽനിന്നുള്ള അലുമിനിയത്തിനും സ്‌റ്റീലിനും 50 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25 ശതമാനം സർചാർജ് ചുമത്തിയ കാനഡ പ്രവിശ്യ ഒണ്ടാരിയോയ്ക്കുള്ള മറുപടിയാണ് ഇതെന്നും കാനഡ അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനമാവുകയാണ് പ്രശ്‌നങ്ങൾക്ക് ഏക പരിഹാരമെന്നും ട്രംപ് പറഞ്ഞിരുന്നു. ചുങ്കം നിലവിൽ വന്നതോടെ കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകിയിരുന്നു.
ട്രംപിന്റെ പുതിയ നികുതി പ്രഖ്യാപനം വന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ഒട്ടാവയിലേക്ക് മടങ്ങിയ കാർണി കാബിനറ്റ് അംഗങ്ങളുമായി ചർച്ച നടത്തി. ട്രംപിന്റെ പുതിയ നികുതിയെ അന്യായം എന്നാണ് കാർണി വിശേഷിപ്പിച്ചത്. രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണിതെന്നും മാർക്ക് കാർണി പറഞ്ഞു. വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾക്ക് പകരം നടപടിയുണ്ടാകുമെന്നും കാർണി പറഞ്ഞു.
യുഎസ് തീരുവകൾക്കെതിരെ വ്യാപാര നടപടികളിലൂടെ പോരാടുമെന്നും അത് അമേരിക്കൻ വ്യാപര രംഗത്ത് പ്രതിഫലിക്കുമെന്നും മാർക്ക് കാർണി ചൂണ്ടിക്കാട്ടി.









0 comments