ഇന്ത്യയിൽ ജനങ്ങളിൽ എത്താതെ നിയന്ത്രണം
ലോക വിപണിയിൽ എണ്ണവില വീണ്ടും താഴേക്ക്, യുദ്ധ തന്ത്രങ്ങളിൽ ക്രൂഡോയിൽ കലരുന്നു


എൻ എ ബക്കർ
Published on Apr 24, 2025, 06:19 PM | 3 min read
ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എണ്ണവില വില വീണ്ടും കുറഞ്ഞു. പ്രധാനപ്പെട്ട എല്ലാ ആഗോള എണ്ണ സൂചികകളും ആഭ്യന്തര എണ്ണ വിലയും 2021 നുശേഷം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി.
ഏപ്രിൽ 23 ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.73% കുറഞ്ഞ് 65.60 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 2.0% കുറഞ്ഞ് 68.37 ഡോളറിലെത്തി. 2025 ജനുവരിയിൽ 81 ഡോളറിലെത്തിയതിന് ശേഷം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചിരിക്കയാണ്. ഇന്ന് ഉച്ചവരെ 66.79 എന്ന നിലവാരത്തിലാണ് രേഖപ്പെടുത്തിയത്.
ചൈനയ്ക്കു പുറമേ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തി വ്യാപാര യുദ്ധത്തിൽ നേർക്കുനേർ നിൽക്കയാണ്. വ്യാപാര രംഗങ്ങളിലും അതുവഴി സാധാരണ ഉപഭോക്താക്കള്‍ക്ക് മുകളിലും ഇത് അധിക ഭാരമാവും. സാമ്പത്തിക വേഗക്കുറവിനും ആഗോള വ്യാപാര ബലതന്ത്രത്തില്‍ മാറ്റത്തിനും സാധ്യതകൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് സാധാരണ ജനങ്ങളുടെ ജീവിതം ഇനിയും പരുങ്ങലിലാക്കുമോ എന്നാണ് ആശങ്ക.
വിലക്കുറവിലെ വലിയ വ്യത്യാസം ജനങ്ങളിലേക്ക് എത്തിക്കാതെ സമ്പത്ത് പിടിച്ചു വെക്കുകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ ചെയ്യുന്നത്. ഈ തന്ത്രത്തിന് എതിരായ വിമർശനങ്ങളെ മാന്ദ്യത്തെ നേരിടാൻ എന്ന ന്യായത്തോടെ തള്ളിക്കളയുകയാണ് പതിവ്. കഴിഞ്ഞ മാസം എണ്ണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തയപ്പോഴും ഇവിടെ നികുതി വർധിപ്പിച്ച് നിർത്തുകയാണുണ്ടായത്.

ക്രൂഡോയിൽ യുദ്ധ തന്ത്രങ്ങൾ
ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ പകരചുങ്കം നിലവിലെ 145% ൽ നിന്ന് 50% നും 65% നും ഇടയിൽ കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് ബുധനാഴ്ച റോയിട്ടേഴ്‌സ് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട് ചെയ്തിരുന്നു. ബീജിംഗുമായുള്ള വിജയകരമായ ചർച്ചകൾ നടന്നതായി വ്യക്തമാക്കിക്കൊണ്ടാണിത്. എന്നാൽ എണ്ണയുത്പാദക രാജ്യങ്ങൾ ഇതിനെ മുഖവിലക്കെടുത്തില്ല.
സാധാരണ എണ്ണവില കുറയുമ്പോൾ ഉത്പാദനം കുറയ്ക്കുകയാണ് ചെയ്യാറ്. എന്നാൽ മാന്ദ്യ ഭീഷണി നിലനിൽക്കുന്നതിനാൽ ഒപെക് സഖ്യരാഷ്ട്രങ്ങൾ അപ്രതീക്ഷിതമായി ഉത്പാദനം കുറയ്ക്കാനുള്ള നടപടിയിൽ നിന്നും പിൻമാറി. ഈ രാജ്യങ്ങളുടെ സാമ്പത്തിക സംതുലനം നിലനിർത്താൻ എങ്കിലും ഇത് ക്രൂഡോയിൽ വില താഴ്ത്തി.
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സഖ്യമായ ഒപെക്കിനൊപ്പം റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളും ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം മാറ്റി. ഇതിന്റെ ഭാഗമായി മെയ് മുതല്‍ പ്രതിദിനം 1,35,000 ബാരല്‍ എന്ന കണക്കിന് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. മെയ് മുതല്‍ പ്രതിദിനം 411,000 ബാരല്‍ എന്ന കണക്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യത്തിന്റെ ഈയിടെ നടന്ന യോഗത്തിലും ധാരണയുണ്ടായതായി വാർത്തകൾ വന്നു.
പ്രസിഡന്റ് ട്രംപിന്റെ കടുത്ത നിലപാടു കാരണം ഇറാനില്‍ നിന്നുള്ള എണ്ണ ഉത്പാദനം കുറഞ്ഞാലും വിതരണ തടസം ഇല്ലാതാക്കാൻ അമിത ഉൽപാദനം സഹായിക്കും എന്ന വാദവും ഉണ്ട്. ക്രൂഡോയിൽ ചാഞ്ചാട്ടത്തിനകത്ത് ഇപ്പോൾ തുടരുന്ന ചില യുദ്ധങ്ങളുടെ ബലതന്ത്രമുണ്ട് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
ഇതിന് ചരിത്രത്തിലെ ചില അനുഭവങ്ങളും ഉദാഹരണ സഹിതം ഉയർത്തി കാണിക്കപ്പെടാറുണ്ട്. യുഎസും സഖ്യകക്ഷികളും ഇറാഖിൽ ആക്രമണം നടത്തിയതിന്റെ പിറ്റേന്ന്, 1991 ജനുവരി 21 ന് എണ്ണവില 33% കുറഞ്ഞത് എണ്ണ വിപണിയിലെ ആശ്ചര്യമാണ്. അക്കാലത്തെ ഏറ്റവും വലിയ ദൈനംദിന ഇടിവായിരുന്നു ഇത്. കുവൈത്തിനെതിരായ ഇറാഖ് നീക്കത്തെ തുടർന്ന് കുതിച്ചു കയറിയ WTI എണ്ണവില ഓഗസ്റ്റ് 1 ന്, ഇറാഖ് കുവൈത്തിനെ ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉണ്ടായിരുന്ന അതേ നിലയിലേക്ക് താഴുകയാണുണ്ടായത്.
കോവിഡ് അടച്ചിലടലിന്റെ കാലത്ത് അസംസ്കൃത എണ്ണയുടെ ഭൗതിക ആവശ്യം കുറഞ്ഞതോടെ, കടൽത്തീരത്തും പൊങ്ങിക്കിടക്കുന്നതുമായ എണ്ണ സംഭരണ സൗകര്യങ്ങൾ നിറഞ്ഞ് ഭീഷണമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. അന്ന് യുഎസ് ക്രൂഡ് ഓയിൽ ഇൻവെന്ററികൾ റെക്കോർഡ് ഉയരത്തിലേക്ക് അടുക്കുകയും ചെയ്തു. താഴെ തട്ടിലുള്ള ഉപഭോക്താക്കളിലേക്ക് ഈ ഇടിവ് എത്തിയത് തുഛമായിരുന്നു.
അതേ പോലെ 2008 ജൂണിൽ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം എണ്ണവിലയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാക്കുകയുണ്ടായി. ക്രൂഡ് ഓയിലിന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വില 2008 ജൂലൈയിൽ WTI ക്രൂഡ് ഓയിൽ $145.85/bli എന്ന നിലയിലെത്തി. അഞ്ച് വർഷത്തെ വിലക്കയറ്റം വഴി നേരിട്ട ആഗോള സാമ്പത്തിക പ്രതിസന്ധികൾ അസംസ്കൃത എണ്ണയുടെ ആവശ്യം കുറച്ചതോടെ മാത്രമാണ് ഇതിന് അയവ് വന്നത്. പിന്നാലെ വില ബാരലിന് $100 ൽ കൂടുതൽ ഇടിഞ്ഞ് $32 ആയി. അഞ്ച് വർഷമെടുത്ത് ഒരു പാരമ്യത്തിലെത്തിയത് ആറ് മാസത്തിനുള്ളിൽ നിലം പതിച്ചു. യുദ്ധങ്ങളിൽ എപ്പോഴും എണ്ണ വിപണി നിർണ്ണായകമായി സ്വാധീനിക്കപ്പെടുന്നത് കാണാം.
പകര ചുങ്കം എണ്ണ പകരുന്നത്
ആഗോള തലത്തില്‍ ക്രൂഡോയിലിന്റെ സപ്ളെ- ഡിമാന്റ് ബലതന്ത്രം ഇപ്പോള്‍ ഏതാണ്ട് സന്തുലിതമാണ്. 2025 വർഷത്തിൽ എണ്ണയുടെ ഉത്പാദനം വർധിക്കും മാത്രമല്ല ഡിമാന്റ് പ്രതിദിനം 10 ലക്ഷം ബാരലിന് മുകളിലാവുകയും ചെയ്യും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ചൈനയില്‍നിന്നുള്ള ഡിമാന്റ് വന്‍തോതില്‍ വര്‍ധിയ്ക്കുമെന്ന കണക്കു കൂട്ടലാണ് ഇതിന് പിന്നിൽ. യുഎസ് നികുതികള്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിച്ചാല്‍ വരുംമാസങ്ങളില്‍ ആഗോള എണ്ണ വിലയില്‍ അത് കാര്യമായ സമ്മര്‍ദം സൃഷ്ടിക്കയും ചെയ്യും എന്നും വിലയിരുത്തുന്നു.
എന്നാൽ റഷ്യ-യുക്രെയിന്‍ യുദ്ധ രംഗത്ത് വെടി നിര്‍ത്തൽ സാധ്യമായാല്‍ റഷ്യന്‍ എണ്ണ വീണ്ടും വിപണിയില്‍ എത്തും. ഉപരോധങ്ങൾ അഴിയും. ഇത് എണ്ണയുടെ അമിത ഒഴുക്കിന് ഇടയാക്കുകയും ചെയ്തേക്കാം. ഇവിടെയാണ് ക്രൂഡോയിൽ യുദ്ധവും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും കൂടി കലരാം എന്ന വിലയിരുത്തലിലേക്ക് നയിക്കുന്നത്. എണ്ണ വില ഉയർത്തി നിർത്താൻ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ഇറാനെ യുദ്ധത്തിലേക്ക് നയിക്കുക
ഇതര രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാതെ മാന്ദ്യത്തെ നേരിടാൻ തയാറെടുക്കും. വില കൂപ്പുകുത്തുന്നത് തടയാൻ ഇറാനിയന്‍ എണ്ണയ്ക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം കത്തിച്ച് നിർത്തും. കൂടെ വെനിസ്വേലയുടെ എണ്ണ ഉത്പാദന ലൈസന്‍സ് റദ്ദാവുകയും ചെയ്താല്‍ എണ്ണവിപണിയുടെ സന്തുലനം സാധ്യമാക്കിയെടുക്കാം എന്നതാണ് ക്രൂഡോയിൽ യുദ്ധരംഗത്തെ പുതിയ കണക്ക് കൂട്ടലുകൾ വിലയിരുത്തപ്പെടുന്നത്. അപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഇത് മെച്ചമാകാം. എങ്കിലും സാധാരണക്കാരിലേക്ക് വിലക്കുറവിന്റെ ഫലം എത്തുന്നുമില്ല.









0 comments