വധശിക്ഷ നടപ്പാക്കാൻ ജയിലിൽ അറിയിപ്പ് ലഭിച്ചതായി നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം; നിഷേധിച്ച് മധ്യസ്ഥൻ

nimisha priya
avatar
അനസ് യാസിൻ

Published on Mar 29, 2025, 09:41 PM | 2 min read

മനാമ: വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പോകുന്നുവെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇത്തരമൊരു അറിയിപ്പ് ജയിലിൽ എത്തിയിട്ടില്ലെന്ന് മധ്യസ്ഥൻ. വധശിക്ഷ നടപ്പാക്കുന്ന കാര്യമറിയിച്ച് വനിത അഭിഭാഷക ജയിലിലെ പ്രധാന ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്നോട് ഫോണിൽ സംസാരിച്ചതായി നിമിഷ പ്രിയ സന്ദേശത്തിൽ പറഞ്ഞിരുന്നു. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജയൻ എടപ്പാളിനാണ് സന്ദേശം ലഭിച്ചത്. അതേസമയം, ഇത്തരമൊരു അറിയിപ്പ് ജയിലിൽ എത്തിയിട്ടില്ലെന്ന് കേസിൽ യെമനിൽ കേസിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന സാമുവൽ ജെറോം അറിയിച്ചതായി ജയൻ എടപ്പാൾ അറിയിച്ചു.


ഇന്ന് രാവിലെ ഒൻപതോടെയാണ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശവും അറബിയിലുള്ള രണ്ട് മെസേജുകളും നിമിഷ പ്രിയയുടെ ഭർത്താവ് ടോമി അയച്ചുതന്ന മെസേജും എത്തിയതെന്നും ശബ്ദം നിമിഷ പ്രിയയുടേതാണെന്നും ജയൻ പറഞ്ഞു. തുടർന്ന് ഇക്കാര്യം സാമുവൽ ജെറോമുമായി സംസാരിക്കുകയും ഇന്ത്യയിലുളള അദ്ദേഹം ജയിൽ അധികാരികളുമായി ബന്ധപ്പെടുകയുമായിരുന്നു. ഇത്തരം വാർത്തകൾ വന്നിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി ജയൻ എടപ്പാൾ അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിക്കാണ് യെമനിലെ കാര്യങ്ങളുടെ ചുമതല. ഇന്ത്യൻ വിദേശ മന്ത്രാലയവും ശബ്ദരേഖ സ്ഥിരീകരിച്ചിട്ടില്ല.ഇത് നിമിഷ പ്രിയയെ മറ്റാരോ തെറ്റിദ്ധരിപ്പിച്ചതോ കേട്ടുകേൾവിയോ ആവാമെന്നും ദിയാധനം നൽകിയുള്ള മോചനത്തിനായി ബന്ധപ്പെട്ടവരുമായി മധ്യസ്ഥ ചർച്ച നടക്കുന്നുണ്ടെന്നും കൺവീനർ അറിയിച്ചു.


നിമിഷപ്രിയയുടെ വിഷയത്തിൽ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരാൻ തയ്യാറാകണമെന്ന് ആക്ഷൻ കൗൺസിൽ വക്താവ് അഡ്വ. കെആർ സുബാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി അനുമതി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം പിന്നീട് യമൻ സർക്കാർ നിഷേധിച്ചു. ഹൂതി മിലിഷ്യ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ. ഇതേ തുടർന്ന് മോചനത്തിയനായി ഇറാൻ സഹായം ഇന്ത്യ തേടിയിരുന്നു. മോചനത്തിനായി ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി സംസാരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്ന് 'ദി ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇറാൻ വിദേശമന്ത്രി വ്യക്തമാക്കിയിരുന്നു. 2017 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യെമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2018ൽ കേസിൽ നിമിഷ പ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Home