കെനിയൻ സാഹിത്യകാരൻ ഗുഗി വാ തിയോം​ഗോ അന്തരിച്ചു

Ngũgĩ wa Thiong’o

PHOTO CREDIT: X

വെബ് ഡെസ്ക്

Published on May 29, 2025, 11:09 AM | 1 min read

തിബ്‍ലിസി: പ്രശസ്ത സാഹിത്യകാരൻ ​ഗുഗി വാ തിയോം​ഗോ (87) അന്തരിച്ചു. കെനിയൻ സ്വദേശിയാണ്. ബുധനാഴ്ച ഗസറ്റോബയിലെ ബുഫോർഡിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ മരണവിവരം സ്ഥിരീകരിച്ചു. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും തുടർന്ന് കെനിയൻ ഭാഷയായ ഗികുയുവിലുമാണ് തിയോം​ഗോ രചനകൾ നിർവഹിച്ചിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നീ മേഖലകളിലായി നിരവധി സംഭാവനകൾ നൽകി. ആധുനിക ആഫ്രിക്കൻ സാഹിത്യത്തിലെ പ്രതിഭാശാലിയായിരുന്നു ഗുഗി വാ തിയോം​ഗോ.


കെനിയയിലെ കൊളോണിയലിസത്തിന്റെ അനിഷ്ടതകളെയും വരേണ്യവർഗത്തിന്റെ ദുഷ്പ്രവൃത്തികളെയും കുറിച്ച് വിപ്ലവകരമായ രചനകൾ തിയോം​ഗോ നടത്തിയിട്ടുണ്ട്. വിദേശ അധിനിവേശക്കാരുടെ ഭാഷകൾ ഉപേക്ഷിക്കണമെന്ന ആഫ്രിക്കൻ എഴുത്തുകാരുടെ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഇം​ഗ്ലീഷിൽ രചകൾ നടത്തിയിരുന്നെങ്കിലും പിന്നീട് മാതൃഭാഷയായ ഗിയുകുവില്‍ മാത്രമേ എഴുതൂ എന്ന് തിയോം​ഗോ തീരുമാനമെടുത്തു. ഇം​ഗ്ലീഷിലുള്ള തന്റെ കൃതികൾ ലോക പ്രശസ്തമായിരുന്ന അതേ കാലത്താണ് ആഫ്രിക്കൻ ഭാഷയെ തിരികെ കൊണ്ടുവരുന്നതിനായി അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്.


കെനിയ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന 1938ലാണ് തിയോം​ഗോ ജനിച്ചത്. ലിമുരു പട്ടണത്തിലെ ദരിദ്ര കാർഷിക കുടുംബത്തിലെ അം​ഗമായിരുന്നു അദ്ദേഹം. സാഹിത്യത്തിനുള്ള നോബെൽ സമ്മാനത്തിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പ്രധാനപ്പെട്ട ആഫ്രിക്കൻ സാഹിത്യകാരനാണ് തിയോം​ഗോ. പലതവണ നൊബേൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ നഷ്ടമാവുകയായിരുന്നു. ദി വിസാർഡ് ഓഫ് ദി ക്രോ, പെറ്റൽസ് ഓഫ് ബ്ലഡ്, ബർത്ത് ഓഫ് എ ഡ്രീം വീവർ, ഡീകോളനൈസിംഗ് ദി മൈൻഡ് എന്നീ കൃതികൾ പ്രശസ്തമാണ്.


പതിറ്റാണ്ടുകളോളം ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. 1970കളിൽ ഒരു വർഷം തടവിലാക്കപ്പെട്ടു. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ദീർഘനാൾ പ്രവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ കർമ മേഖലയിൽ തുടരുന്നതിന് ജയിൽ, പ്രവാസം, രോഗം എന്നിവയൊന്നും അദ്ദേഹത്തിന് തടസമായിരുന്നില്ല. 2009-ൽ മാൻ ബുക്കർ പ്രൈസിനായി തിയോം​ഗോയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു.2012-ൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ സമ്മാനത്തിനുള്ള ഫൈനലിസ്റ്റായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home