പ്രതിഷേധത്തിന്റെ പ്രതീകമായ 'ഹക്ക നൃത്തം': ചർച്ചയാകുന്ന മാവോറികളും വൈതാംഗി ഉടമ്പടിയും

പാര്‍ലമെന്റില്‍ ഹക്ക നൃത്തം അവതരിപ്പിക്കുന്ന മാവോറി എംപിമാര്‍
ആര്യാ കൃഷ്ണൻ
Published on May 15, 2025, 05:08 PM | 3 min read
വളരെ വ്യത്യസ്തമായതും ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടതുമായിരുന്നു ന്യൂസിലൻഡ് പാർലമെന്റിൽ നടന്ന 'ഹക്ക പ്രതിഷേധം'. മാവോറി വിഭാഗത്തിൽപ്പെട്ട എംപിമാർ നിയമ ഭേദഗതിക്കെതിരെ പാർലമെന്റിന്റെ നടുത്തളത്തിൽ പരമ്പരാഗത ഹക്ക നൃത്തം ചെയ്താണ് പ്രതിഷേധിച്ചത്. തങ്ങളുടെ എതിർപ്പും പ്രതിഷേധവും തീവ്രമായി പ്രകടമാക്കാനാണ് ഹക്ക നൃത്തം അവതരിപ്പിച്ചത്. ഇതിന്റെ പേരിൽ മൂന്ന് മാവോറി എംപിമാരെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം നടന്ന പ്രതിഷേധത്തെപ്പറ്റി അന്വേഷിക്കാൻ പാർലമെന്റ് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. പ്രതിപക്ഷ എംപിമാരായ ഹന റൗഹിതി മെയ്പി ക്ലാർക്ക്, മവോറി പാർടി (ടെ പതി മാവോറി) യുടെ ഉപ നേതാക്കളായ ഡെബ്ബി നഗരേവ പാക്കർ, റാവിരി വൈതിതി എന്നിവരെയാണ് സസ്പെൻഡ് ചെയ്യുക. പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന ഏറ്റവും കടുത്ത ശിക്ഷാനടപടിയായാണ് ന്യുസിലൻഡിൽ സസ്പെൻഷനെ കരുതുന്നത്. ന്യൂസിലാൻഡ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഹന.
പാര്‍ലമെന്റില്‍ ഹക്ക നൃത്തം അവതരിപ്പിക്കുന്ന ഹന
ന്യൂസിലൻഡിലെ ആദിമ ജനവിഭാഗമാണ് മവോറികളുടെ പരമ്പരാഗത നൃത്തമായ ഹക്കയാണ് എംപിമാർ പാർലമെന്റിൽ അവതരിപ്പിച്ചത്. മവോറികളും ന്യൂസിലൻഡ് ഭരണകൂടവും തമ്മിലുള്ള വൈതാംഗി ഉടമ്പടി (വൈതാംഗി ട്രീറ്റി- Treaty of Waitangi) യിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു സഭയിൽ മവോറി എംപിമാരുടെ ഹക്ക നൃത്തം.
ഹക്ക നൃത്തം
ഭേദഗതിയെപ്പറ്റിയുള്ള ബിൽ കീറിയെറിഞ്ഞുകൊണ്ട് ഹനയാണ് ആദ്യം ഹക്ക നൃത്തം ആരംഭിച്ചത്. തുടർന്ന് മറ്റ് മവോറി എംപിമാരും സന്ദർശക ഗാലറിയിലുള്ളവരും നൃത്തത്തിൽ പങ്കുചേരുകയായിരുന്നു. ഹനയെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യാനും റാവിരി വൈതിതി, ഡെബി നഗരേവ പാക്കർ എന്നിവരെ 21 ദിവസത്തേക്ക് വിലക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. തീരുമാനത്തിനെതിരെ മാവോറി പാർടി രംഗത്തെത്തി.
"നിയമങ്ങൾ ലംഘിക്കുകയും ഹക്ക നൃത്തത്തിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന എംപിമാരാണ് മൂവരുമെന്നാണ്" മാവോറി വംശജനായ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞത്. സസ്പെൻഷൻ ചൊവ്വാഴ്ച പാർലമെന്റിൽ വോട്ടിനിടും. ട്രീറ്റി പ്രിൻസിപ്പിൾസ് ബിൽ കഴിഞ്ഞ മാസം 112 വോട്ടുകൾക്ക് തള്ളിക്കളഞ്ഞിരുന്നു. മിക്ക പ്രധാന രാഷ്ട്രീയ പാർട്ടികളും ബിൽ തള്ളണമെന്ന് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 10 ന് ബിൽ അവതരിപ്പിച്ചപ്പോൾ വലതുപക്ഷ പാർട്ടി അംഗങ്ങൾ മാത്രമാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
മാവോറി ടാറ്റൂ
മാവോറികൾ
ന്യൂസിലൻഡിലെ പരമ്പരാഗത ജനവിഭാഗമാണ് മാവോറികൾ. നൂറ്റാണ്ടുകളോളം പീഡനങ്ങൾ നേരിട്ടു. ന്യൂസിലൻഡിലെ ജനസംഖ്യയുടെ 17 ശതമാനവും മാവോറികളാണ്. കൊളോണിയൽ അധിനിവേശത്തിന് ആയിരക്കണക്കിന് വർഷം മുമ്പ് തന്നെ മാവോറികൾ ഇവിടങ്ങളിൽ ജീവിക്കുന്നുണ്ട്. പാരമ്പര്യങ്ങൾക്കും ആത്മീയ വിശ്വാസങ്ങൾക്കും പേരുകേട്ടവരാണ് മാവോറികൾ. തങ്ങളുടെ കുലത്തോട് അങ്ങേയറ്റം വിശ്വസ്തതയും ആത്മാർത്ഥതയും പുലർത്തുന്നവർ. പ്രകൃതിക്കും വിശ്വാസങ്ങൾക്കും പൂർവികർക്കും മാവോറികൾ വലിയ പ്രാധാന്യം നൽകുന്നു. മുഖത്തും ശരീരത്തുമെഴുതുന്ന ടാറ്റു മാവോറികളുടെ മറ്റൊരു പ്രത്യേകതയാണ്.
മാവോറികള്‍
വൈതാംഗി ഉടമ്പടി
1840ൽ ന്യൂസിലൻഡിന്റെ കോളനിവൽക്കരണ സമയത്ത് ബ്രിട്ടീഷ് ഭരണകൂടവും മാവോറി നേതാക്കളും തമ്മിൽ ഒപ്പുവച്ചതാണ് വൈതാംഗി ഉടമ്പടി. ഇതിലെ തത്വങ്ങൾ നിയമപരമായി നിർവചിക്കേണ്ടതുണ്ടെന്ന് ഭരണകക്ഷിയായ മധ്യ- വലതു സഖ്യത്തിലെ പാർട്ടിയായ എസിടി ന്യൂസിലൻഡ് വാദിച്ചതോടയാണ് സംഭവങ്ങളുടെ ആരംഭം. രാജ്യം വംശീയമായി വിഭജിക്കപ്പെടാൻ വൈതാംഗി ഉടമ്പടി കാരണമായെന്നായിരുന്നു ആരോപണം. ബ്രിട്ടീഷ് ഭരണകൂടവും അഞ്ഞൂറോളം മാവോറി നേതാക്കളുമാണ് ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നത്. മവോറി വിഭാഗത്തിന്റെ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഊ ഉടമ്പടിയെ ന്യൂസിലൻഡിന്റെ നിയമനിർമാണത്തിന്റെ അടിസ്ഥാന രേഖയായാണ് കണക്കാക്കുന്നത്. മവോറികൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നൽകുന്ന ഈ ഉടമ്പടിയിൽ തിരുത്തലുകൾ വരുത്താനുള്ളതാണ് വൈതാംഗി ബിൽ.
ഹക്ക നൃത്തം
വൈതാംഗി ഉടമ്പടി പ്രകാരം മവോറികൾക്ക് രാജ്യത്ത് ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങളുണ്ട്. ഇത് മറ്റ് പൗരൻമാർക്കും ലഭ്യമാക്കുന്ന തരത്തിൽ പുതിയ ഭേദഗതി അവതരിപ്പിക്കാനാണ് വലതുഭരണകൂടം ശ്രമിച്ചത്. ഭേദഗതി പ്രകാരം മവോറികൾ പ്രത്യേകമായ അവകാശങ്ങൾ ഇല്ലാത്തവരായി മാറും. ഇതിനെതിരെയാണ് മാവോറി എംപിമാർ പ്രതിഷേധിച്ചത്. 185 വർഷത്തിലധികം പഴക്കമുള്ള ഉടമ്പടിയാണ് ഭരണകൂടം മാറ്റാൻ ശ്രമിച്ചത്.
ഹക്ക നൃത്തം
പരമ്പരാഗതമായ മാവോറി യുദ്ധ നൃത്തമാണ് ഹക്ക. മാവോറി ജനതയുടെ ശക്തി, ഐക്യം, യുദ്ധവീര്യം, പൈതൃകം, സംസ്കാരം എന്നിവയെല്ലാം പ്രകടമാക്കുന്ന ഹക്ക പൂർവികരുമായി മാവോറികൾക്കുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നതാണ്. ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള മുഖഭാവത്തോടെ പ്രത്യേക ശരീരഭാഷയിലാണ് ഹക്ക അവതരിപ്പിക്കുന്നത്. ഉച്ചത്തിൽ, ശബ്ദം ഉയർത്തിയാണ് ഹക്ക നൃത്തത്തിനുള്ള ഗാനം ആലപിക്കുന്നത്. വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിനും മഹത്തായ നേട്ടങ്ങൾ, അവസരങ്ങൾ എന്നിവ നേടുന്ന സന്ദർഭങ്ങളിലും, ശവസംസ്കാര ചടങ്ങുകളിലും ഹക്ക അവതരിപ്പിക്കാറുണ്ട്. ഹക്ക നൃത്തം ചെയ്യുന്നവർ തന്നെ പാട്ടും പാടുകയാണ് ചെയ്യുക. യുദ്ധനൃത്തമായതിനാൽ തന്നെ പോരുവിളിയുടെ ശൈലിയിലുള്ള ചലനങ്ങളാണ് ഹക്കയിലുള്ളത്. സ്ത്രീകളും പുരുഷൻമാരും സംഘമായാണ് ഇത് അവതരിപ്പിക്കുക.
റഗ്ബി ടീം മത്സരത്തിനു മുമ്പ് റഗ്ബി അവതരിപ്പിക്കുന്നു
ന്യൂസിലൻഡിലെ സ്‌പോർട്‌സ് ടീമുകളും ഹക്ക അവതരിപ്പിക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങൾക്ക് മുൻപായി പലപ്പോഴും ടീമുകൾ ഹക്ക അവതരിപ്പിക്കാറുണ്ട്. വിശിഷ്യാ റഗ്ബി ടീമുകളാണ് പ്രധാനമായും മത്സരത്തിനു മുമ്പ് ഹക്ക അവതരിപ്പിക്കുന്നത്. മാവോറികളുടെ അഭിമാനത്തിന്റെ പ്രതീകമായാണ് അവർ ഹക്കയെ കാണുന്നത്.
ഹക്ക നൃത്തം









0 comments