യുദ്ധക്കുറ്റവാളി; അറസ്റ്റ് ഭയന്ന് നെതന്യാഹുവിന്റെ വിമാനം അമേരിക്കയിലേക്ക് പറന്നത് 600 കിലോമീറ്റർ ചുറ്റിവളഞ്ഞ്

ന്യൂയോര്‍ക്ക്:ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള ആകാശപാത ഒഴിവാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോകാൻ നേർപാത വിട്ട് ചുറ്റിവളഞ്ഞാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിമാനം സഞ്ചരിച്ചത്.
നെതന്യാഹു കാലുകുത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയന്‍ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് ഈ സാഹചര്യം മറികടന്നത്. ആകാശപാതയിൽ 600 കിലോ മീറ്ററോളം ചുറ്റി.
നെതന്യാഹുവിന്റെ ഔദ്യോഗിക യാത്രാ വിമാനമായ 'വിങ്‌സ് ഓഫ് സയണ്‍' യൂറോപ്പിന്റെ ആകാശം ഒഴിവാക്കി റൂട്ട് മാറി പറന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ കണ്ടെത്തി റിപ്പോർട് ചെയ്തു.
ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടത്.

ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെയും വിമാനം കടന്നുപോയിട്ടില്ല. ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ വ്യോമാതിര്‍ത്തികളിലൂടെയാണെങ്കില്‍ ടെല്‍ അവീവില്‍നിന്ന് എളുപ്പത്തില്‍ ന്യൂയോര്‍ക്കിലെത്താമായിരുന്നു.
2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്യവിലക്ക് പ്രഖ്യാപിച്ച് സ്ലോവേനിയ
സ്ലോവേനിയ സെപ്റ്റംബർ 25 ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ നെവാ ഗ്രാസിക് പറഞ്ഞു.
ഇസ്രായേൽ നേതാവിനെതിരെ ഇത്തരമൊരു നടപടിയുമായി ഒരു യൂറോപ്യൻ യൂണിയൻ (ഇയു) അംഗരാജ്യം എത്തുന്നത് ഇതാദ്യമായാണ്.
2024 ജൂണിൽ, അയർലൻഡ്, നോർവേ, സ്പെയിൻ എന്നിവയുമായി ചേർന്ന് സ്ലോവേനിയ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. ഒരു മാസത്തിനുശേഷം, ഫലസ്തീനികൾക്കെതിരെ "വംശഹത്യ പ്രസ്താവനകൾ" നടത്തിയതിന് രണ്ട് തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിമാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.
നെതന്യാഹു സ്വന്തം മണ്ണിൽ എത്തിയാൽ അറസ്റ്റ് നടത്തുമെന്ന് അയർലൻഡ് വ്യക്തമാക്കിയിരുന്നു.









0 comments