സിറിയയെ ലക്ഷ്യമാക്കി ഇസ്രയേൽ, അതിർത്തിയിൽ നെതന്യാഹു സംഘത്തിന്റെ മിന്നൽ സന്ദർശനം

syria
വെബ് ഡെസ്ക്

Published on Nov 22, 2025, 03:43 PM | 2 min read

ദമാസ്‌കസ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും സംഘവും സിറിയൻ അതിർത്തി മേഖല കടന്നത് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളിൽ പുതിയ ചർച്ചകൾക്കും ആശങ്കകൾക്കും തുടക്കമിട്ടു. നവംബർ 19-ന് പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ്, വിദേശകാര്യ മന്ത്രി ഗിഡിയോൺ സഅർ എന്നിവർക്കും മറ്റ് ഉന്നത രഹസ്യാന്വേഷണ, സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർക്കും ഒപ്പമാണ് നെതന്യാഹു  സിറിയൻ പ്രദേശത്തെ ബഫർ സോണിൽ കടന്നത്.


നെതന്യാഹുവിന്റ അപ്രതീക്ഷിത കടന്നു കയറ്റം എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇസ്രയേൽ–സിറിയ സുരക്ഷാ കരാറിനുള്ള ചർച്ചകൾ മന്ദഗതിയിലാണ്. ഈ സാഹചര്യത്തിൽ യു എസിനും സിറിയക്കും എതിരായ മുന്നറിയിപ്പ് എന്നും നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു. സിറിയൻ ഇടക്കാല പ്രസിഡന്റ് അഹ്മദ് അൽ-ഷറാ നവംബറിൽ വൈറ്റ് ഹൌസിൽ എത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ നീക്കം എന്ന പ്രത്യേകതയുമുണ്ട്.


അമേരിക്ക–സിറിയ ബന്ധത്തിലെ പുതിയ അടുപ്പത്തിനുള്ള മറുപടിയായും നെതന്യാഹുവിന്റെ സന്ദർശനം കരുതപ്പെട്ടു. ഇസ്രയേലും സിറിയയും തമ്മിലുള്ള സുരക്ഷാ കരാർ ചർച്ചകളിൽ മുന്നേറ്റമില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അടുത്ത ദിവസമാണ് നെതന്യാഹു സംഘം ബഫർ സോണിൽ പ്രവേശിച്ചത്.


സമാധാന ചർച്ച അനിശ്ചിതത്വത്തിലാക്കിയ തുടർച്ച


ബഷാർ അൽ അസദ് ഭരണകൂടം തകർന്ന 2024 ഡിസംബറിനുശേഷം ഇസ്രയേൽ സേന കൈവശപ്പെടുത്തിയ എല്ലാ സിറിയൻ പ്രദേശങ്ങളിൽ നിന്നുമുള്ള പൂർണ്ണ പിന്മാറ്റം സിറിയ കരാർ ചർച്ചയിൽ മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്രയേൽ ഈ ആവശ്യം പൂർണ്ണമായി നിരസിച്ചതോടെയാണ് ചർച്ചകൾ നിശ്ചലമായത്.


കിഴക്ക് ഹൗറാൻ മേഖലയിൽ ഡമാസ്‌കസിൽ നിന്ന് ജോർദാൻ അതിർത്തിവരെ നീളുന്ന 30 കിലോമീറ്റർ വ്യാപിക്കുന്ന ഒരു മിലിട്ടറി സാന്നിധ്യമില്ലാത്ത സോൺ എന്ന ഇസ്രയേൽ നിബന്ധനകളും ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കി. ഗോലാൻ കുന്നുകളെയും സ്വൈദായിലെ ദ്രൂസ് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന മേഖല ദ്രൂസ് സമൂഹത്തെ സംരക്ഷിക്കാനെന്ന പേരിലാണ് ഇസ്രയേൽ ഈ ആവശ്യം അവതരിപ്പിച്ചത്.


സിറിയയുടെ വിദേശകാര്യ മന്ത്രാലയം നെതന്യാഹുവിന്റെ  സന്ദർശനത്തെ “അനധികൃതവും അന്താരാഷ്ട്ര നിയമ ലംഘനവുമാണ്” എന്ന് വിശേഷിപ്പിച്ചു. “ഈ സന്ദർശനം തികച്ചും സിറിയയുടെ സ്വാധീനത്തെയും ഭൗമപരിധിയെയും ലംഘിക്കുന്നതും യുനൈറ്റഡ് നേഷൻസ് സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് വിരുദ്ധവുമാണ്.” എന്നായിരുന്നു സിറിയൻ പ്രതികരണം.


 “തെക്കൻ സിറിയയിലെ എല്ലാ ഇസ്രയേൽ നടപടികളും നിഷ്ഫലവും നിയമപരമായി അസാധുവുമാണ്.” എന്നും അവർ പറഞ്ഞു.


ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഫുവാദ് അൽ-മജാലി ഈ സന്ദർശനത്തെ അംഗീകരിക്കാനാവാത്ത കടന്നുകയറ്റം” എന്ന് വിമർശിച്ചു. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും നടപടി “അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധം” എന്ന് അപലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home