അപകടമുനമ്പില്‍ ഹിമാലയ രാഷ്ട്രം

ന്യൂഡൽഹി
: രജിസ്‌ട്രേഷൻ ചട്ടങ്ങൾ പാലിക്കാത്ത ഒരു വിഭാഗം സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നതിനെ തുടർന്നുണ്ടായ യുവജന പ്രതിഷേധം കലാപത്തിന് വഴിമാറുമ്പോള്‍ നേപ്പാള്‍ നീങ്ങുന്നത് അപകടമുനമ്പിലേക്ക്. നയിക്കാൻ സംഘടനയോ നേതാവോ ഇല്ലാത്ത പ്രക്ഷോഭം അക്രമാസക്തമായ കലാപമായി മാറുന്നത് ഹിമാലയൻ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.
മുതിർന്ന രാഷ്ട്രീയപാർടി നേതാക്കളുടെ വീടുകൾക്ക് കൂട്ടമായി തീയിട്ട പ്രക്ഷോഭകർ മുൻപ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബെയടക്കം പല നേതാക്കളെയും ക്രൂരമായി മർദ്ദിച്ചു. മുൻപ്രധാനമന്ത്രി ജാലാനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്‌മി ചിത്രാകറെ വീടിന് തീയിട്ട് കൊന്നു.
ഏതാനും മാസങ്ങളായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നേപ്പാളിൽ ഉയരുന്നുണ്ട്. കാഠ്‌മണ്ഡു കേന്ദ്രീകരിച്ചാണ് സർക്കാർ വിരുദ്ധ നീക്കം. 2022 ലെ മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായ മൽസരിച്ച യുവസ്ഥാനാർത്ഥി ബാലേന്ദ്ര ഷാ ജയിച്ചത് മുതൽ കെ പി ഒലി നയിക്കുന്ന സഖ്യസർക്കാർ വെല്ലുവിളി നേരിടുന്നു. രാജവാഴ്‌ച തിരിച്ചുകൊണ്ടു വരുന്നതിന് അനുകൂലമായ രാഷ്ട്രീയ പ്രജാതാന്ത്രിക് പാർടി പോലുള്ള തീവ്രവലതു പാർടികളും സർക്കാർ വിരുദ്ധ പ്രചാരണങ്ങൾക്ക് മുന്നിലുണ്ട്.
2006 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേപ്പാളിലെ അവസാന രാജാവ് ഗ്യാനേന്ദ്ര ഷായും സർക്കാർവിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കാൻ തന്ത്രപൂർവ്വം കരുനീക്കുന്നു. രാജവാഴ്‌ച കാലത്തെ അടിച്ചമർത്തലുകൾ കണ്ടിട്ടില്ലാത്ത ‘ജെൻ സി’ തലമുറയാണ് ഇപ്പോഴത്തെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് പിന്നില്‍. ഇൗ തലമുറയിൽ ഒരു വിഭാഗമാണ് രാജവാഴ്‌ച തിരികെ വരണമെന്ന മുറവിളി ഉയർത്തുന്നത്.
സമൂഹമാധ്യമങ്ങൾക്ക് വിലക്ക് നേരിട്ടതിനെ തുടർന്നുള്ള പ്രക്ഷോഭത്തെ പൊലീസിനെയും മറ്റും ഉപയോഗിച്ച് ബലമായി അടിച്ചമർത്താനുള്ള ഒലി സർക്കാരിന്റെ ശ്രമവും സ്ഥിതി വഷളാക്കി. സമാധാനം പാലിക്കാനുള്ള പ്രസിഡന്റിന്റെയും സൈന്യത്തിന്റെയും ആഹ്വാനം ചെവികൊള്ളാൻ പ്രക്ഷോഭകർ തയ്യാറായില്ലെങ്കിൽ വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കാകും നേപ്പാൾ നീങ്ങുക.
സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് നേപ്പാള്‍ സൈന്യം
കാഠ്‌മണ്ഡു
: രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്നും അക്രമങ്ങളിൽനിന്ന് വിട്ടുനിൽ
ക്കണമെന്നും അഭ്യർഥിച്ച് നേപ്പാളിലെ സൈനിക മേധാവികളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ചീഫ് ഓഫ് ആർമി സ്‌റ്റാഫ്, സായുധ സേനാ വിഭാഗം ഐജി, നേപ്പാൾ പൊലീസ് ഐജി, ദേശീയ അന്വേഷണ ഏജൻസി ഡയറക്‌ടർ എന്നിവരാണ് സംയുക്ത പ്രസ്‌താവന പുറത്തിറക്കിയത്. അക്രമങ്ങൾക്കുപകരം രാഷ്‌ട്രീയ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. സർക്കാർ ഓഫീസുകളും പൊതുമുതലുകളും നശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.









0 comments