നേപ്പാളിൽ മരണം 51 ; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ തീർഥാടകയും

നേപ്പാളില്‍ സംഘര്‍ഷാവസ്ഥയ്‍ക്ക് അയവുവന്നതോടെ കാഠ്മണ്ഡുവില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലൂടെ നടന്നുപോകുന്നവര്‍
കാഠ്‌മണ്ഡു
നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയായ തീർഥാടകയും. പ്രക്ഷോഭകർ തീയിട്ട ഹോട്ടലിൽനിന്നു രക്ഷപ്പെടാനായി ചാടിയ ഗാസിയാബാദ് സ്വദേശി രാജേഷ് ദേവി ഗോല (55) ആണ് മരിച്ചത്. ഒപ്പം ചാടിയ ഭർത്താവ് രാംവീർ സിങ് ഗോല പരിക്കുകളോടെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ്. ഏഴിനാണ് രാംവീർ സിങ്ങും രാജേഷ് ദേവി ഗോലയും നേപ്പാളിലേക്ക് പോയത്. പശുപതിനാഥ് ക്ഷേത്രം സന്ദർശിച്ചശേഷം കാഠ്മണ്ഡുവിലെ ഹോട്ടലിൽ തങ്ങി. ഒമ്പതിന് ഇവർ താമസിച്ച ഹോട്ടലിനു തീയിട്ടു. രക്ഷപ്പെടാൻ ഇരുവരും ചാടുകയായിരുന്നു. കലാപത്തിൽ മരണസംഖ്യ 51 ആയി. ഇതിൽ 21 പേർ പ്രക്ഷോഭകരാണ്. 1771 പേർക്ക് പരിക്കേറ്റു. 284 പേർ ചികിത്സയിലാണ്.
തീർഥാടകരുടെ ബസ് കൊള്ളയടിച്ചു
പ്രക്ഷോഭത്തിനിടെ ആന്ധ്രാപ്രദേശിൽനിന്നുള്ള തീർഥാടകരുടെ ബസ് കാഠ്മണ്ഡുവിനടുത്ത് അക്രമികൾ കൊള്ളയടിച്ചു. വ്യാഴാഴ്‌ചയാണ് സംഭവം. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് ആക്രമിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. പണവും മൊബൈൽഫോണുകളും കൊള്ളയടിച്ചു. സൈനികരാണ് രക്ഷപ്പെടുത്തിയത്.
ഹോട്ടൽ മേഖലയ്‌ക്ക് 2500 കോടി നഷ്‌ടം
സർക്കാർവിരുദ്ധ പ്രക്ഷോഭം കലാപത്തിലേക്ക് വഴിമാറിയതോടെ നേപ്പാളിലെ ഹോട്ടൽ മേഖലയ്‌ക്ക് 2500 കോടിയുടെ നഷ്‌ടം. 24 ഹോട്ടൽ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു. നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ കാഠ്‌മണ്ഡുവിലെ ഹിൽട്ടൺ ഹോട്ടൽ പൂർണമായും അഗ്നിക്കിരയാക്കി. ഏറ്റവും കൂടുതൽ നാശനഷ്‌ടം ഇൗ ഹോട്ടലിലാണ് ഉണ്ടായതെന്ന് ഹോട്ടൽ അസോസിയേഷൻ നേപ്പാൾ അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയ വിദേശസഞ്ചാരികളുടെ സൗകര്യാർഥം വിസ ചട്ടങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു.
സിലിഗുഡി വഴി മടങ്ങിയത് 2000 പേര്‍
കലാപ സാഹചര്യത്തിൽ മൂന്നു ദിവസത്തിനിടെ നേപ്പാളില്‍നിന്ന് 2000 ഇന്ത്യക്കാര്‍ പശ്ചിമബംഗാളിലെ സിലിഗുഡിയിലെ അതിര്‍ത്തിവഴി രാജ്യത്തേക്ക് മടങ്ങിയെത്തി. വിനോദസഞ്ചാരികളും തൊഴിലാളികളുമാണ് മടങ്ങിയത്.









0 comments