പാക്കിസ്ഥാനിൽ അഹമദിയ്യ സമുദായത്തിന്റെ കല്ലറകൾ തകർത്ത നിലയിൽ

ലാഹോർ: പാക്കിസ്ഥാനിൽ അഹമദിയ്യ സമുദായത്തിന്റെ ശവക്കല്ലറകൾ അടിച്ചു തകർത്ത നിലയിൽ. പഞ്ചാബ് പ്രവിശ്യയിൽ തീവ്ര ഇസ്ലാമിക പാർടിയുടെ അംഗങ്ങളെന്ന് കരുതുന്നവർ അഹമദിയ്യ സമുദായത്തിന്റെ 40 ഓളം ശവക്കല്ലറകൾ തകർത്തതായി പൊലീസ് അറിയിച്ചു.
തെഹ്‌രീകെ-ഇ-ലബ്ബായിക് പാകിസ്ഥാന്റെ (ടിഎൽപി) അംഗങ്ങളെന്ന് കരുതപ്പെടുന്നവരാണ് ശവക്കല്ലറകൾ തകർത്തതെന്നാണ് പൊലീസിന്റെ നിഗമനം.
അഹമദിയ്യ സമൂഹത്തിന്റെ ശ്മശാനങ്ങൾ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ജമാഅത്തെ അഹമദിയ്യ പാകിസ്ഥാൻ (ജെഎപി) ആരോപിച്ചു. കല്ലറകർ തകർത്തതിനു പുറമേ അഹമദീയ്യ വീടുകളിൽ വിദ്വേഷകരമായ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ജനുവരി 19 ന് പാക്കിസ്ഥാനിൽ അഹമദിയ്യ സമുദായത്തിന്റെ ആരാധനാലയം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പഞ്ചാബിലെ സിയാൽകോട്ട് ജില്ലയിലാണ് സംഭവം. ആരാധനാലയം പ്രാദേശിക ഭരണകൂടം പൂർണമായും തകർത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
1974-ലാണ് പാകിസ്ഥാൻ പാർലമെന്റ് അഹമദിയ സമുദായത്തെ അമുസ്ലിങ്ങളായി പ്രഖ്യാപിച്ചത്. ഒരു ദശാബ്ദത്തിനു ശേഷം അവർ മുസ്ലീങ്ങൾ എന്ന് വിളിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു. അവർക്ക് മതപ്രസംഗം നടത്തുന്നതിനും തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും വിലക്കുണ്ട്. പാകിസ്ഥാനിലെ 22 കോടി ജനസംഖ്യയിൽ ഏകദേശം ഒരുകോടി അമുസ്ലീങ്ങളാണ്. 2021-ൽ പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 96.47 ശതമാനം മുസ്ലീങ്ങളും 2.14 ശതമാനം ഹിന്ദുക്കളും 1.27 ശതമാനം ക്രിസ്ത്യാനികളും 0.09 ശതമാനം അഹമദിയ മുസ്ലീങ്ങളും 0.02 ശതമാനം മറ്റുള്ളവരും ഉണ്ട്.









0 comments