ആ വിഖ്യാത ചിത്രം നിക് ഉട്ടിന്റേതല്ല ? ക്രെഡിറ്റിൽ നിന്ന് പേര് ഒഴിവാക്കി വേൾഡ് പ്രസ് ഫോട്ടോ

photo credit: Nick Ut facebook

ആര്യാ കൃഷ്ണൻ
Published on May 17, 2025, 11:52 AM | 3 min read
ആംസ്റ്റർഡാം : യുദ്ധത്തിന്റെ ഭീകരത വളരെ തീവ്രതയോടെ വ്യക്തമാക്കുന്ന നാപാം പെൺകുട്ടി (napalm girl) യുടെ ഫോട്ടോ ശ്രദ്ധിക്കാത്തവരുണ്ടാകില്ല. ബോംബാക്രമണത്തെത്തുടർന്ന് പൊള്ളലേറ്റ് കരഞ്ഞുകൊണ്ട് ഓടുന്ന പെൺകുട്ടിയെ ഓർക്കാത്തവർ വിരളമായിരിക്കും. ലോകത്ത് അറിയപ്പെടുന്ന ഫോട്ടോകളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ തന്നെ നാപാം ബോംബാക്രമണത്തിൽ ഭയന്നോടുന്ന പെൺകുട്ടിയുടെ ചിത്രമുണ്ടാകും. ഈ ചിത്രത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് വിയറ്റ്നാമീസ്- അമേരിക്കൻ ഫോട്ടോഗ്രാഫറായ നിക് ഉട്ട്. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഫോട്ടോയുടെ ക്രെഡിറ്റിൽ നിന്നും നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ് വേൾഡ് പ്രസ് ഫോട്ടോ.
നെതർലൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ വേൾഡ് പ്രസ് ഫോട്ടോ പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. ചിത്രം പകർത്തിയത് നിക് ഉട്ട് അല്ലെന്നും മറ്റൊരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ നോയൻ താൻ നേ ആണെന്ന് പറയുന്ന ദ സ്ട്രിങ്ങർ എന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ പേര് ഒഴിവാക്കാൻ വേൾഡ് പ്രസ് ഫോട്ടോ തീരുമാനിക്കുകയായിരുന്നു.
ബോംബുകളിലും മിസൈലുകളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിൻ ജെല്ലി മിശ്രിതമാണ് നാപാം. സ്ഫോടനം നടന്നയുടനെ കൊഴുത്ത ജെല്ലി മർദത്തോടെ പുറത്തേക്ക് വരികയും കത്തിപ്പിടിക്കുകയും ചെയ്യും. പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിച്ച് കത്തും. ശരീരം കത്തുന്ന വേദനയിൽ വിവസത്രയായി ഓടുന്ന പെൺകുട്ടിയുടെ ഈ ചിത്രം, യുദ്ധങ്ങൾക്ക് എതിരായ എക്കാലത്തെയും മുന്നറിയിപ്പായി ലോകം ഓർമ്മയിൽ സൂക്ഷിക്കുന്നതാണ്.
ഫോട്ടോ പകർത്തിയയാളിന്റെ പേരിന്റെ സ്ഥാനത്ത് ഇനി അൺനോൺ എന്നാവും രേഖപ്പെടുത്തുക. 1972 ജൂണിലാണ് ചിത്രം പകർത്തിയത്. എന്നാൽ ചിത്രം പകർത്തിയത് നിക് ഉട്ട് തന്നെയാണെന്നും അതിനാൽ നിക്കിന്റെ പേര് തന്നെ തുടർന്നും ക്രെഡിറ്റിൽ രേഖപ്പെടുത്തണമെന്നുമാണ് എപിയുടെ വാദം.
photo credit: Nick Ut facebook
യുദ്ധ ഭീകരതയുടെ പൊള്ളിക്കുന്ന സ്മാരകം
വിയറ്റ്നാമിൽ 1972ൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രമായിരുന്നു ടെറർ ഓഫ് വാർ എന്നറിയപ്പെടുന്ന ചിത്രം. 1972 ജൂൺ 8നാണ് ചിത്രം പകർത്തിയത്. വിയറ്റ്നാമിലെ ത്രാങ് ബാങ് വില്ലേജിൽ നിന്നാണ് പ്രസ്തുത ചിത്രം പകർത്തിയത്. ബോംബാക്രമണത്തെത്തുടർന്ന് പൊള്ളലേറ്റ് നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന 9 വയസുകാരി പെൺകുട്ടിയുടെ ചിത്രം പുറത്തുവന്നതോടെ ആക്രമണത്തെപ്പറ്റി ലോകമാകെ ചർച്ച ചെയ്തു തുടങ്ങി. അമേരിക്കയുടെ ക്രൂരത വ്യക്തമാക്കുന്ന ചിത്രമെന്ന് മാധ്യമങ്ങളക്കം ഫോട്ടോയെ വിശേഷിപ്പിച്ചു. അമേരിക്കയുടെ ക്രൂരത വ്യക്തമാക്കുന്ന ചിത്രമെന്ന് ഇപ്പോൾ അജ്ഞാതമായിരിക്കുന്ന ആ ക്ലിക്ക് ചരിത്രത്തിൽ കൊത്തിവെക്കപ്പെട്ടു.photo credit: Nick Ut facebook
അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട്ട് എന്ന ഹുയുങ് കോങ് ഉട്ട് ആണ് ചിത്രം പകർത്തി പുറംലോകത്തെ അറിയിച്ചത്. അസോസിയേറ്റഡ് പ്രസാണ് ചിത്രം പുറത്തുവിട്ടത്. ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയാണ് ചിത്രത്തിലുണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമായി. പരിക്കുകളിൽ നിന്ന് മുക്തയായി മറ്റൊരിടത്ത് ജീവിതം ആരംഭിച്ച കിം ഫുക് വർഷങ്ങൾക്ക് ശേഷം നിക് ഉട്ടിനെ സന്ദർശിച്ചിരുന്നു.
ഫോട്ടോയുടെ പിന്നാലെ നിക്കിനെ തേടി നിരവധി പുരസ്കാരങ്ങളുമെത്തി. അന്താരാഷ്ട്ര തലത്തിൽ നിക് ഏറെ പ്രശസ്തനായി. പുലിസ്റ്റർ പുരസ്കാരം, വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നിക്കിനെ തേടിയെത്തി. ചിത്രമെടുത്തതിനു പിന്നാലെ 1973ലാണ് വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ ലഭിക്കുന്നത്.
ദി സ്ട്രിങ്ങർ ഉയർത്തിവിട്ട വിവാദം
യുട്ടായിലെ പാർക്ക് സിറ്റിയിൽ വർഷംതോറും നടത്തപ്പെടുന്ന സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ദി സ്ട്രിങ്ങർ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രശസ്തമായ നാപാം ഗേൾ ചിത്രം പകർത്തിയത് നിക് ഉട്ട് അല്ലെന്നും അസോസിയേറ്റ് പ്രസ് തെറ്റായാണ് ക്രെഡിറ്റ് നൽകിയതെന്നുമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.
എൻബിസി ചാനലിന്റെ ഡ്രൈവറും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായിരുന്ന നോയൻ താൻ നേയാണ് പ്രസ്തുത ചിത്രം പകർത്തിയതെന്നാണ് ഡോക്യുമെന്ററിയിലെ വാദം. ഹ്യൂൻ കോങ് ഫുക് എന്ന മറ്റൊരു ഫോട്ടോഗ്രാഫറുടെ പേരും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. നോയൻ, ചിത്രം പകർത്തിയത് താനാണെന്നും എപിക്ക് വിൽക്കുകയായിരുന്നുവെന്നും പറയുകയും ചെയ്തു. ജനുവരിയിലാണ് ഡോക്യുമെന്ററി പുറത്തുവന്നത്. പിന്നാലെ അന്വേഷണവും ആരംഭിച്ചു.
photo credit: Nick Ut facebook
ഇതിന് പിന്നാലെ അന്വേഷണത്തിനൊടുവിൽ നിക് ഉട്ടിന്റെ പേര് ക്രെഡിറ്റിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ നിക്കിന്റെ പേര് തന്നെ വയ്ക്കും എന്ന് ഉറപ്പിച്ചു പറഞ്ഞ എപി പിന്നീട് 50 വർഷം മുമ്പ് അതുപോലെയുള്ള ഒരു ദിവസം എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാൻ കഴിയില്ല എന്നുപറഞ്ഞ് നിലപാട് മയപ്പെടുത്തി.
ചിത്രത്തിന്റെ ലൊക്കേഷൻ, ദൂരം, ഉപയോഗിച്ച കാമറ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിക് ഉട്ടിനേക്കാൾ ഫോട്ടോ പകർത്താൻ സാധ്യത കൂടുതൽ ഉള്ളത് നോയൻ താൻ നേയ്ക്കോ ഹ്യൂൻ കോങ് ഫുക്കിനോ ആണെന്നാണ് കണ്ടെത്തൽ എന്നാണ് വേൾഡ് പ്രസ് ഫോട്ടോ വിശദീകരിച്ചത്. എന്നാൽ ഇതിലും വ്യക്തതയില്ലാത്തതിനാൽ ചിത്രത്തിന്റെ ക്രെഡിറ്റിൽ ഇരുവരുടെയും പേര് ചേർത്തിട്ടില്ല.
photo credit: Nick Ut facebook
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ സൈന്യവും ഹാർവാഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് നാപാം വികസിപ്പിച്ചെടുത്തത്. വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോംബ് ശരീരത്തിൽ ഒട്ടിപ്പിടിച്ച് ഓടുന്ന ബാലികയുടെ ചിത്രം ലോകമനസാക്ഷിയെ ആകെ ഞെട്ടിക്കുക മാത്രമല്ല നാപാം ബോംബിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയർത്തുകയും ചെയ്തു.
നാപാം ബോംബ് എല്പിച്ച തീപ്പൊള്ളലുകൾ മായ്ക്കാൻ വർഷങ്ങളോളം കിം ഫുക് ചികിത്സയ്ക്ക് വിധേയയായി. അവരുടെ ശരീരത്തിൽ 17 സർജറികൾ വേണ്ടി വന്നു. കിം ഇപ്പോള്‍ കാനഡിയിലാണ് താമസം.
അന്നത്തെ ഭീകരനിമിഷങ്ങളെ കുറിച്ച് കിം അന്താരാഷ്ട്ര മാധ്യമമായ സിബിഎസ് ന്യൂസിനോട് പറഞ്ഞതിങ്ങനെ..' അന്ന് ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് കളിക്കുകയായിരുന്നു. പെട്ടന്നാണ് ഏതാനും പട്ടാളക്കാര്‍ വന്ന് ഞങ്ങളോട് ഓടിരക്ഷപ്പെടാന്‍ ആക്രോശിച്ചത്. എന്താണെന്ന് വ്യക്തമായില്ല, മുകളിലേക്ക് നോക്കിയപ്പോഴാണ് ഒരു വിമാനത്തില്‍ നിന്ന് നാല് ബോബുകള്‍ താഴേക്ക് പതിക്കുന്നത് കണ്ടത്. ഭയങ്കര ചൂട് എന്ന് നിലവിളിച്ചുകൊണ്ടാണ് അന്ന് ഓടിയത്. പൊള്ളലേറ്റുവെന്ന് മനസ്സിലായി. എന്റെ രൂപം വികൃതമയല്ലോ ആളുകള്‍ എന്ന് മറ്റൊരു രീതിയില്‍ കാണുമല്ലോ എന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്.'
പ്രസിധീകരിക്കാൻ മടിച്ച ചിത്രം
ഈ ചിത്രം പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങള്‍ക്ക് കൈമാറാനോ അസോസിയേറ്റഡ് പ്രസ് പത്രാധിപ സമിതി ആദ്യം വിസമ്മതിച്ചിരുന്നു. ചിത്രത്തിലെ പെണ്‍കുട്ടിയുടെ നഗ്നതയായിരുന്നു അതിന് അവര്‍ കാരണമായി പറഞ്ഞത്. തീ പിടിച്ച വസ്ത്രങ്ങൾ അവൾ ഊരിയെറിയുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ചിത്രം പുറത്തുവിടാന്‍ അന്നത്തെ ചീഫ് ഫോട്ടോ എഡിറ്റര്‍ ഹോര്‍സ്റ്റ് ഫാസ് തീരുമാനിക്കുകയും ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ അടുത്തദിവസം ചിത്രം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
0 comments