മ്യാൻമർ ഭൂകമ്പം; മരണം 3000 കടന്നു

Myanmar
വെബ് ഡെസ്ക്

Published on Apr 05, 2025, 04:11 PM | 1 min read

ബാങ്കോക്ക്: ആഭ്യന്തരസംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ മ്യാൻമറിനെ നിലംപരിശാക്കിയ ഭൂചലനത്തിൽ മരണം 3000 കടന്നു. മാർച്ച് 28-ന് ഉണ്ടായ ഭൂകമ്പത്തിൽ രാജ്യത്തുടനീളമുള്ള നിരവധി ബഹുനില കെട്ടിടങ്ങൾ തകരുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയും അല്ലാതെയുമായി 3,354 പേർ മരിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിൽ 4,508 പേർക്ക് പരിക്കേൽക്കുകയും 220 പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്.


ദുരന്തം കഴിഞ്ഞ് ഒരു ആഴ്ചയിലേറെയായിട്ടും, രാജ്യത്തെ നിരവധി ആളുകൾക്ക് ഇപ്പോഴും പാർപ്പിടമോ മറ്റ് സൗകര്യങ്ങളോ ലഭ്യമായിട്ടില്ല. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂന്ന് ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കടുത്തായിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും റോഡുകൾ, പാലങ്ങൾ എന്നിവയും ഭൂകമ്പത്തിൽ തകർന്നിരുന്നു.


സൈന്യവും സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 35 ലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെട്ട രാജ്യത്ത് ആരോഗ്യ സംവിധാനം പൂർണമായും തകർന്ന നിലയിലാണ്. ഭൂചലനത്തിൽ അതിജീവിച്ചവർക്ക് വൈദ്യസഹായവും പാർപ്പിടവും നൽകാൻ മാനുഷിക സഹായ സംഘടനകൾ ശ്രമം നടത്തിവരികയാണ്. ദുരന്തബാധിത രാജ്യത്തെ സഹായിക്കാൻ ഐക്യരാഷ്ട്രസഭയുടെ സഹായ മേധാവി ലോക രാജ്യങ്ങളോട് വീണ്ടും ആഹ്വാനം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home