മ്യാൻമറിൽ 2389 പേർക്ക്‌ പരിക്ക്‌ , തായ്‌ലൻഡിൽ അമ്പതിലേറെ പേരെ കാണാനില്ല

തകര്‍ന്നടിഞ്ഞ് മ്യാൻമർ ; മരണം

 1600 കടന്നു ,നൂറുകണക്കിനാളുകള്‍ മണ്ണിനടിയില്‍

myanmar earthquake
വെബ് ഡെസ്ക്

Published on Mar 30, 2025, 03:08 AM | 1 min read

നേപിത : ആഭ്യന്തരസംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ മ്യാൻമറിനെ നിലംപരിശാക്കിയ ഭൂചലനത്തിൽ മരണം 1600 കടന്നു. നൂറുകണക്കിനാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് ആശങ്ക. മതിയായ യന്ത്രസാമഗ്രികളുടെ അഭാവത്തില്‍ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വെറുംകൈകൊണ്ട് മണ്ണുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം.


കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ കൂട്ടനിലവിളിയാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ മാൻഡലെയിൽനിന്ന്‌ ഉയരുന്നതെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. മരണം ആയിരം കടന്നെന്നും 2,389 പേർക്ക്‌ പരിക്കേറ്റെന്നും മ്യാൻമറിലെ സൈനിക ഭരണകൂടം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ നൂറുകണക്കിനാളുകളുടെ നില ഗുരുതരം. മാൻഡലെ മേഖലയിൽ 1,591 വീട്‌ തകർന്നു. ഏറ്റവും കൂടുതല്‍ നാശമുണ്ടായ മാൻഡലെയിലും യാങ്കോണിലും വൈദ്യുതി ബന്ധം ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിച്ചത്. മാൻഡലെയില്‍ 90 പേരെങ്കിലും മണ്ണിനടിയിലാണെന്ന് കരുതുന്നു.


റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമടക്കം വ്യാപകമായി തകർന്നുവീണു.

സൈന്യവും സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 35 ലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെട്ട രാജ്യത്ത് ആരോഗ്യ സംവിധാനം പൂർണമായും തകർന്ന നിലയിലാണ്. സായുധസംഘത്തിന്റെ പ്രധാനകേന്ദ്രമായ കരേൻ സംസ്ഥാനത്ത് ഭൂചലനത്തിന് തൊട്ടുപിന്നാലെ സൈനിക ജെറ്റുകൾ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിന് ലഭിക്കുന്ന അന്താരാഷ്‌ട്ര സഹായം വിമതസായുധസംഘത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ എത്തില്ലെന്ന ആശങ്കയും ഉയരുന്നു.


തായ്‌ലൻഡിലെ ബാങ്കോക്കിൽ ഭൂചലനത്തില്‍ നിർമാണത്തിലുള്ള ബഹുനില കെട്ടിടം തകർന്ന്‌ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്‌. പത്തുപേർ മരിച്ചെന്നാണ് ഒടുവിലത്തെ വിവരം. അൻപതിലധികം പേരെ കണ്ടുകിട്ടാനുണ്ടെന്ന്‌ തായ്‌ലൻഡ് ഉപപ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളി പകൽ 12.50നാണ് മ്യാൻമറിൽ റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ചലനങ്ങളും ഉണ്ടായത്. ബംഗ്ലാദേശിലെ ധാക്കയിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും തുടർചലനങ്ങളുണ്ടായി. മണിപ്പുർ, മേഘാലയ, അസം എന്നിവിടങ്ങളിലും തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.


സഹായവുമായി 
ഇന്ത്യയും ചൈനയും
മ്യാൻമറിലെ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവർത്തനത്തിനുമായി ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ രംഗത്തുണ്ട്‌. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി "ഓപ്പറേഷൻ ബ്രഹ്മ' എന്ന പേരിൽ ഇന്ത്യ രണ്ട് നാവികക്കപ്പൽ അയച്ചു. ശനിയാഴ്‌ച വൈകിട്ടോടെ ആശുപത്രി സൗകര്യം വ്യോമമാർഗം സജ്ജമാക്കിയതായി വിദേശമന്ത്രാലയം അറിയിച്ചു. രണ്ട് കപ്പലുകൾ കൂടി അയക്കും. ചൈനയിൽനിന്നുള്ള രക്ഷാപ്രവർത്തകർ ബാങ്കോക്കിലെത്തി. മറ്റു രാജ്യങ്ങളിൽനിന്നും ദുരിതാശ്വാസ സഹായങ്ങൾ ഇരുരാജ്യങ്ങളിലും എത്തിത്തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home