ഭൂചലനത്തിൽ വിറച്ച് മ്യാൻമർ; മരണസംഖ്യ 1,000 കടന്നു

ബാങ്കോക്ക് : മ്യാൻമറിനെ അടിമുടി തകർത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം. മരണസംഖ്യ 1,000 കടന്നതായാണ് വിവരം. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ആയിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. അതിവേഗമാണ് രാജ്യത്തെ മരണസംഖ്യ ഉയരുന്നത്. നിലവിലെ കണക്കുകൾ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതും റോഡുകളും പാലങ്ങളുമെല്ലാം തകർന്ന് ഗതാഗത സൗകര്യം താറുമാറായതിനാൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ വൈകുന്നതുമാണ് മരണസംഖ്യ ഉയർത്തുന്നത്. മ്യാൻമറിലെ പട്ടാള ഭരണകൂടം ഇതുവരെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ പ്രാദേശിക സമയം 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേത്തുടർന്ന് പതിനാലോളം തുടർചലനങ്ങളുണ്ടായി. ചിലത് 6.7 തീവ്രത വരെ രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയും മ്യാൻമറിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. തായ്ലൻഡിലും ഭൂകമ്പം നാശനഷ്ടങ്ങളുണ്ടാക്കി. ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങളടക്കം തകർന്നുവീണു. ഏകദേശം 100 തൊഴിലാളികൾ ഭൂകമ്പമുണ്ടായ സമയത്ത് കെട്ടിടത്തിൽ ജോലിയിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 6 പേർ മരിച്ചതായും മറ്റുള്ളവർ കുടുങ്ങുക്കിടക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെയാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. ഇന്ത്യയിൽ മേഘാലയയിലും മണിപ്പൂരിലും ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.
പരിക്കേറ്റത് ആയിരത്തിലധികം പേർക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മരണസംഖ്യ 1,000 കടന്നു
മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ









0 comments